ശ്രീനഗര്‍: കശ്മീരില്‍ ബാങ്ക് മാനേജരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട തീവ്രവാദിയെ കശ്മീര്‍ സോണ്‍ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. കഴിഞ്ഞ ദിവസം രാത്രി ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ തീവ്രവാദികളില്‍ ഒരാളാണ് ബാങ്ക് മാനേജരെ വധിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു. ജൂണ്‍ രണ്ടിന് കുല്‍ഗാമിലെ എലഖൈ ദിഹാതി ബാങ്കില്‍ അതിക്രമിച്ച് കയറിയ ഭീകരന്‍ രാജസ്ഥാനില്‍ നിന്നുള്ള ബാങ്ക് മാനേജര്‍ വിജയ് കുമാറിനെ കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
‘കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍ ഷോപ്പിയാനിലെ ജാന്‍ മുഹമ്മദ് ലോണ്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് തീവ്രവാദ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ, ജൂണ്‍ 2 ന് കുല്‍ഗാം ജില്ലയില്‍ ബാങ്ക് മാനേജര്‍ വിജയ് കുമാറിനെ കൊലപ്പെടുത്തിയതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് ട്വീറ്റില്‍ പോലീസ് വ്യക്തമാക്കി.