ശ്രീനഗർ: തീവ്രവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയതിന് പിന്നാലെ, കശ്മീരിൽ നാല് ഭീകരരെ വധിച്ചു. ഇതിൽ മൂന്നു പേർ പാകിസ്ഥാനികളാണെന്നും നാലാമനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അതിർത്തി കടന്നുള്ള ഡ്രോൺ-ഗ്രനേഡ് ആക്രമണവും മറ്റും വർദ്ധിച്ച പശ്ചാത്തലത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം നടത്തിയിരുന്നു.
പിന്നാലെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മു കശ്മീരിൽ നാല് ഭീകരർ കൊല്ലപ്പെട്ടത്. സൈന്യവും കേന്ദ്ര സായുധ പോലീസ് സേനയും ജമ്മു കശ്മീർ പോലീസും ഒരേസമയം നടത്തിയ ഓപ്പറേഷനിലാണ് നാല് ഭീകരരെ വധിച്ചത്. എകെ 56, ഗ്രനേഡുകൾ, വെടിക്കോപ്പുകൾ എന്നിവയുൾപ്പെടെ വൻ ആയുധശേഖരവും കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേർത്തു.