ശ്രീനഗർ: ടിക്ടോക്കറും ടെലിവിഷൻ നടിയുമായ അമ്രീൻ ഭട്ടിനെ (35) വധിച്ച ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് ജമ്മു കാഷ്മീർ പോലീസ് അറിയിച്ചു. അമ്രീൻ ബട്ടിന്‍റെ ഘാതകരായ രണ്ടു ലഷ്കറെ ത്വയിബ ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചെന്ന് ഐജി വിജയ് കുമാർ പറഞ്ഞു.
പുൽവാമ ജില്ലയിലെ അവന്തിപ്പോരയിലെ ഏറ്റുമുട്ടലിലാണ് രണ്ട് ലഷ്കറെ തയിബ ഭീകരരെ വധിച്ചത്. ശ്രീനഗറിലും ഒരു ലഷ്കര്‍ ഭീകരനെയും സുരക്ഷാ സേന വധിച്ചു.
ബുധനാഴ്ച രാത്രിയാണ് ലഷ്കർ ഭീകരരുടെ വെടിയേറ്റ് അമ്രീൻ കൊല്ലപ്പെടുന്നത്. ബുഡ്ഗാം ജില്ലയിലെ ഹഷൂറാ ചദൂര ഗ്രാമത്തിൽ വച്ചായിരുന്നു സംഭവം. അമ്രീന്‍റെ വീട്ടിൽ ചിത്രീകരണത്തിന്‍റെ ആവശ്യത്തിനെന്നു പറഞ്ഞെത്തിയ രണ്ടംഗസംഘമാണു നടിയെ വെടിവച്ചു കൊന്നത്.
അമ്രീന്‍റെ ഒപ്പമുണ്ടായിരുന്ന അനന്തരവൻ ഫർഹാൻ സുബായിക്ക് പരിക്കേറ്റിരുന്നു. പത്തു വയസുകാരനായ സുബായിയുടെ കൈയിലാണ് വെടിയേറ്റത്. കൂടുതൽ വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയില്ല.