പിടിവിടാതെ കോവിഡ്;1.72 ലക്ഷം പുതിയ കോവിഡ് രോഗികള്‍;ടിപിആര്‍ 11%;1008 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗികളില്‍ നേരിയ വര്‍ധന.പുതുതായി 1,72,433 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 6.84 ശതമാനം കൂടുതല്‍ കേസുകളാണ് ഉള്ളത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.99 ശതമാനവും, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 12.98 ശതമാനവുമാണ്. നിലവില്‍ 15,33,921 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

24 മണിക്കൂറിനിടെ 1,008 കോവിഡ് മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ആകെ മരണസംഖ്യ 4,98,983 ആയി ഉയര്‍ന്നു. 2,59,107 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 95.14 ശതമാനമാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,97,70,414 ആയി. രാജ്യത്ത് ഇതുവരെ 167.87 കോടി വാക്സിന്‍ ഡോസുകള്‍ നല്‍കിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇതിനിടെ 15 മുതല്‍ 18 വയസ് വരെയുള്ളവരില്‍ രണ്ടാം ഡോസ് വാക്‌സിന്‍ വിതരണം കാര്യക്ഷമമാക്കണമെന്ന് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദ്ദേശിച്ചു. ജനുവരി മൂന്നിനാണ് 15 മുതല്‍ 18 വയസുവരെയുള്ള വിഭാഗക്കാര്‍ക്ക് വാക്‌സിന്‍ വിതരണം ആരംഭിച്ചത്. ഇതില്‍ കോവാക്‌സിന്‍ എടുത്തവരില്‍ 28 ദിവസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം.

© 2024 Live Kerala News. All Rights Reserved.