രാജ്യത്ത് കുതിച്ചുയര്‍ന്ന് കോവിഡ്;മൂന്നാം തരംഗം; 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കോവിഡ്; ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി; ജാഗ്രത തുടരുക

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ക്ക് വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 1,41,986 പേര്‍ക്ക് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കണക്കിനെക്കാള്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒന്‍പത് ശതമാനമാണ്. 285 മരണങ്ങളും സ്ഥിരീകരിച്ചു.ഒമിക്രോണ്‍ കേസുകളിലും വര്‍ധന രേഖപ്പെടുത്തി. 64 പേര്‍ക്ക് കൂടി പുതിയ വകഭേദം സ്ഥിരീകരിച്ചതോടെ ആകെ ഒമിക്രോണ്‍ രോഗികളുടെ എണ്ണം 3071 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്തെ 27 സംസ്ഥാനങ്ങളില്‍ ഒമിക്രോണ്‍ ബാധിതരുണ്ട്. 876 കേസുകളുള്ള മഹാരാഷ്ട്രയും 513 കേസുകളുള്ള ഡല്‍ഹിയുമാണ് ഒമിക്രോണ്‍ രോഗികളുടെ എണ്ണത്തിലും മുന്നില്‍. ഇതുവരെ 1203 പേരാണ് ഒമിക്രോണില്‍ നിന്ന് രോഗമുക്തി നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന് ഉത്തരാഖണ്ഡില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ റാലികള്‍ നടത്തുന്നതിന് താത്ക്കാലിക നിരോധനനം ഏര്‍പ്പെടുത്തി. അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കികൊണ്ടുളള പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. മൂന്നാം തരംഗം അതിവേഗമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പത്ത് ദിവസത്തിനിടെ 35 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. ഒമിക്രോണ്‍ ആശങ്കയും വര്‍ധിക്കുകയാണ്. 27 സംസ്ഥാനങ്ങളില്‍ പുതിയ വകഭേദം സാന്നിദ്ധ്യമറിയിച്ചു കഴിഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസമാണ് ഏറ്റവും കൂടുതല്‍ പ്രതിദിന ഒമിക്രോണ്‍ ബാധ സ്ഥീരീകരിച്ചത്. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ വീണ്ടും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത് അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ നോക്കികാണുന്നത്.

© 2024 Live Kerala News. All Rights Reserved.