കുഞ്ഞിനെ തട്ടിയെടുത്ത ശേഷം നീതു ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്ത്; യുവതി എത്തിയത് ഏഴു വയസുള്ള മകനൊപ്പം

കോട്ടയം :മെഡിക്കല്‍ കോളജില്‍ നിന്നും മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്ത്. വൈകിട്ട് 3.23ന് ഫ്ളോറല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തു വിട്ടത്.ഓട്ടോയിലാണ് നീതു ഏഴു വയസുള്ള മകനൊപ്പം ഹോട്ടലില്‍ എത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഈ ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് പോകാനായിരുന്നു നീതുവിന്റെ പദ്ധതി. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ നീതു ചികിത്സയ്ക്ക് എന്ന പേരില്‍ മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടു പോയത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹോട്ടലില്‍ എത്തിയപ്പോള്‍ നീതു ഡോക്ടറുടെ കോട്ട് ധരിച്ചിരുന്നില്ലെന്നും ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.ഏറെനേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലില്‍ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. നാലാം തിയതി മുതല്‍ നീതു ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയത്.

© 2024 Live Kerala News. All Rights Reserved.