കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍; നീതു എത്തിയത് ഡോക്ടറുടെ വേഷത്തില്‍; ഇബ്രാഹിമുമായി ടിക്ടോക് പരിചയം

കോട്ടയം: മെഡിക്കല്‍ കോളെജില്‍ നിന്നും മൂന്ന് ദിവസം പ്രായമായ നവജാത ശിശുവിനെ യുവതി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍.സംഭവത്തില്‍ അറസ്റ്റിലായ നീതു വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകന്‍ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നീതു കൃത്യം നടത്താനായി ആശുപത്രിയില്‍ എത്തിയത് ഡോക്ടറുടെ വേഷത്തില്‍. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെ കൈയ്യില്‍ കരുതുകയും ചികിത്സാ രേഖകള്‍ വിശദമായി നോക്കുകയും ചെയ്ത ശേഷമാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയത്. വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങുക കൂടിയായിരുന്നു നീതുവിന്റെ ലക്ഷ്യം.തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളായി എറണാകുളത്താണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് സുധീഷ് വിദേശത്ത് ജോലി ചെയ്യുകയാണ്.
ഒന്നര വര്‍ഷം മുമ്പ് ടിക്ടോകിലൂടെ പരിചയപ്പെട്ടതാണ് ഇരുവരും. വിവാഹമോചിതയാണെന്നാണ് നീതു ഇബ്രാഹിമിനോട് പറഞ്ഞിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാര്‍ക്കും നീതുവിനെ അറിയാമായിരുന്നു. നീതു ഗര്‍ഭിണിയാണെന്ന വിവരം ഭര്‍ത്താവിനും ഇബ്രാഹിമിനും അറിയാമായിരുന്നു. പിന്നീട് ഗര്‍ഭം അലസിയ വിവരം ഭര്‍ത്താവിനെയും വീട്ടുകാരെയും അറിയിക്കുകയും ഇബ്രാഹിമില്‍ നിന്നും ഇത് മറച്ചുവെക്കുകയുമായിരുന്നു.വിവരം അറിഞ്ഞാല്‍ ഇബ്രാഹിം ബന്ധത്തില്‍ നിന്ന് പിന്‍മാറുമോയെന്ന ഭയമായിരുന്നു നീതുവിന്.
ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ഇതിനിടെയാണ് സാമ്പത്തിക ഇടപട്. ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.
കോട്ടയത്തെ സംഭവത്തിന് പിന്നില്‍ കുട്ടിക്കടത്ത് റാക്കറ്റല്ലെന്ന് പൊലീസ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു. പ്രതി കുറ്റം ചെയ്തത് തനിയെ ആണെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പ പറഞ്ഞു. പ്രതിക്ക് കുട്ടി കടത്ത് റാക്കറ്റുമായി ബന്ധമില്ല. പ്രതിക്ക് കുഞ്ഞിന്റെ അമ്മയുമായോ കുടുംബവുമായോ ബന്ധമില്ലെന്നും പ്രതിക്കൊപ്പമുളള കുട്ടി അവരുടേത് തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.ഇന്നലെ മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഡോക്ടറുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലില്‍ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.