മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത്;കോട്ടയം മെഡിക്കല്‍ കോളേജിലെ സുരക്ഷ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും മൂന്ന് ദിവസം പ്രായമുള്ള നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് . മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. സംഭവത്തില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തരാന്‍ മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആശുപത്രികള്‍ക്ക് കര്‍ശന നിര്‍ദേശവും നല്‍കി.ആശുപത്രിയിലെ എല്ലാ ജീവനക്കാരും ഐഡി കാര്‍ഡ് നിര്‍ബന്ധമായും ധരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം നിലവിലെ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. ഇപ്പോഴത്തെ സജ്ജീകരണങ്ങള്‍ പരിശോധിക്കണം. ആവശ്യമുള്ള ഇടത്ത് പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും സ്ത്രീകളുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധ നല്‍കണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം. ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാന്‍ ആഭ്യന്തര സമിതിയും നേരത്തേ രൂപികരിച്ചിരുന്നു. നാലംഗ സമിതിയെ ആണ് നിയോഗിച്ചിട്ടുള്ളത്. ആര്‍എഒ, നഴ്സിംഗ് ഓഫിസര്‍, സുരക്ഷാ തലവന്‍, ഫോറന്‍സിക് വിദഗ്ധന്‍ എന്നിവര്‍ ആണ് സമിതി അംഗങ്ങള്‍. ഇവര്‍ തയാറാക്കുന്ന റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെയാണ് കോട്ടയം മെഡിക്കല്‍ കോളെജില്‍ നിന്നും യുവതി തട്ടികൊണ്ടുപോയത്. കുട്ടിയെ കടത്താന്‍ ശ്രമിച്ച കളമശ്ശേരി സ്വദേശിനിയായ നീതുവിനെ കോട്ടയം ആശുപത്രിക്ക് സമീപമുളള ഹോട്ടലില്‍ നിന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടുകയും ചെയ്തു. എന്നാല്‍ ആശുപത്രിയിലെ സുരക്ഷാ വീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന ആക്ഷേപം ഉയര്‍ന്നതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടല്‍

© 2024 Live Kerala News. All Rights Reserved.