അതീവ ജാഗ്രത; ഒരു ലക്ഷം കടന്ന് കോവിഡ് രോഗികള്‍;ഏഴുമാസത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ; ഒമിക്രോണ്‍ കേസുകള്‍ 3,007 ആയി;ആശങ്കയില്‍ രാജ്യം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ ഉയര്‍ന്നു വരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ കേസുകളേക്കാള്‍ 28 ശതമാനം കൂടുതലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണ് ഇതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.നിലവില്‍ കോവിഡ് ബാധിച്ച് 3,71,363 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 302 കോവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,83,178 ആയി ഉയര്‍ന്നിട്ടുണ്ട്. 30,836 പേര്‍ രോഗമുക്തി നേടി. 97.57 ശതമാനമാണ് രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത്. 36,265 പേര്‍ക്കാണ് രോഗബാധ. ഇതിന് പിന്നാലെ പശ്ചിമബംഗാള്‍, ഡല്‍ഹി, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.അതേസമയം രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍ 3,007 ആയി വര്‍ദ്ധിച്ചു. ഇതില്‍ 1,199 പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ തന്നെയാണ് ഒമിക്രോണ്‍ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 876 കേസുകള്‍. ഡല്‍ഹി 465, കര്‍ണാടക 333, രാജസ്ഥാന്‍ 291, കേരളത്തില്‍ 284, ഗുജറാത്ത് 204 എന്നിങ്ങനെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രേഖപ്പെടുത്തിയ മറ്റ് സംസ്ഥാനങ്ങള്‍.കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും രാത്രി കര്‍ഫ്യൂ, വാരാന്ത്യ കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ്.അതിനിടെ, ഒമിക്രോണ്‍ വകഭേദത്തെ നിസാരമായി കാണരുത് എന്നാണ് ലോകാരോഗ്യ സംഘടന നല്‍കുന്ന മുന്നറിയിപ്പ്. ആഗോള തലത്തില്‍ ഒമിക്രോണ്‍ വകഭേദം വലിയ തോതില്‍ മരണത്തിന് ഇടയാക്കുന്നു എന്നാണ് ഡബ്ല്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നത്. ഒമിക്രോണ്‍ പുതിയ വകഭേദം ബാധിക്കുന്ന വ്യക്തികളുടെ എണ്ണം റെക്കോര്‍ഡാണ്. പല രാജ്യങ്ങളിലും നേരത്തെ പടര്‍ന്നുപിടിച്ച ഡെല്‍റ്റ വകഭേദത്തേക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിക്കുന്നത്. പലയിടങ്ങളും ആശുപത്രികള്‍ നിറയുന്ന നിലയാണ് ഉള്ളതെന്നും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ചൂണ്ടിക്കാട്ടുന്നു.

© 2024 Live Kerala News. All Rights Reserved.