കൊച്ചി: കെ റെയില്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.വികസനത്തിന് എതിരെയുള്ള ഏതാനും ചിലരുടെ എതിര്‍പ്പുകള്‍ക്കു വഴങ്ങിക്കൊടുക്കലല്ല സര്‍ക്കാരിന്റെ ധര്‍മമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവിക്ക് ആവശ്യമായ പദ്ധതിയാണ് എന്നും കൊച്ചിയില്‍ സംഘടിപ്പിച്ച കെ റെയില്‍ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.കെ റെയില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യില്ലെന്നും, പ്രകൃതിയെ മറന്ന് വികസനം നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നാടിന് ആവശ്യമായ വികസന പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ അല്ലെങ്കില്‍ എപ്പോള്‍ എന്ന് ആലോചിക്കണം. പദ്ധതി നടപ്പാക്കിയില്ലെങ്കില്‍ ഭാവി തലമുറയോട് കാണിക്കുന്ന നീതികേട് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.പദ്ധതിയെക്കുറിച്ച് എംഎല്‍എമാരോടാണ് ആദ്യം ചര്‍ച്ച ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചര്‍ച്ച നടന്നിട്ടില്ല എന്ന വാദങ്ങള്‍ തെറ്റാണ്. പദ്ധതിയെക്കുറിച്ച് നിയമസഭയില്‍ ഒന്നും മറച്ച് വച്ചിട്ടില്ല. എതിര്‍പ്പിനെ തുടര്‍ന്ന് നാടിന്റെ വികസന പദ്ധതിയില്‍ നിന്ന് പിന്നോട്ട് പോകില്ല. ഗെയില്‍ പദ്ധതിയിലും ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇത് നടപ്പാക്കണമെന്ന് നിലപാടെടുത്തു. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കി. ഇപ്പോള്‍ ഇതില്‍ പരാതി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി നല്‍കാന്‍ എതിര്‍ത്തവരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിരുന്നു.സാമ്പത്തിക ശേഷി കുറവുള്ള സംസ്ഥാനമാണ് കേരളം. ബജറ്റ് വിഹിതം കൊണ്ട് വലിയ പദ്ധതികള്‍ നടപ്പാക്കാന്‍ കഴിയില്ല. കിഫ്ബി 62000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ റെയില്‍ മാത്രമല്ല സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി. മറ്റ് പദ്ധതികളും നടപ്പിലാക്കും. സംസ്ഥാനത്ത് ഒന്നും നടക്കില്ലെന്ന ധാരണ മാറിയട്ടുണ്ട്. അതിന് ഉദാഹരണങ്ങളാണ് ആരോഗ്യ മേഖലയിലേയും, വിദ്യാഭ്യാസ മേഖലയിലേയും പുരോഗതിയെന്ന് പിണറായി ചൂണ്ടിക്കാട്ടി. പശ്ചാത്തല സൗകര്യം വികസിക്കേണ്ടത് പൊതുവികസനത്തിന് ആവശ്യമാണ്.