കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം;യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്

കൊച്ചി:സില്‍വര്‍ ലൈന്‍ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാട്ടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്.വിശദീകരണ യോഗവേദിക്കു മുന്നിലായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊട്ടിയില്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്താനെത്തിയ മുഖ്യമന്ത്രിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടിയത്. പി വൈ ഷാജഹാന്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സില്‍വര്‍ലൈന്‍ വിശദീകരണ യോഗ വേദിയായ ടിഡിഎം ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം.
കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ കെ റെയില്‍ സ്ഥലമെടുപ്പിനായി സ്ഥാപിച്ച കുറ്റികള്‍ പിഴുതെറിയുകയും ചെയ്തിരുന്നു.തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ പാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനായാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗം ചേരുന്നത്.

© 2023 Live Kerala News. All Rights Reserved.