ഇടതു സര്‍ക്കാരിന്റെ മൂന്നാം നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള മൂന്നാം നൂറുദിന കര്‍മപരിപാടിക്ക് ഇന്ന് തുടക്കം.

ഫെബ്രുവരി 10 മുതല്‍ നൂറു ദിവസം കൊണ്ട് 15896.03 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കും. പുനര്‍ഗേഹം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറയില്‍ 400 വീടുകളുടെ ശിലാസ്ഥാപനത്തോടെ പദ്ധതികള്‍ക്ക് തുടക്കമാകും.

ആകെ 1284 പ്രോജക്റ്റുകള്‍ നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 15896.03 കോടി രൂപ അടങ്കലും 4,33,644 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കലും ഈ നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നു. സംസ്ഥാന വികസനത്തിന് ഗതിവേഗം കൂട്ടുന്ന പദ്ധതികള്‍ ഇതിലൂടെ യാഥാര്‍ത്ഥ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പശ്ചാത്തല വികസന പരിപാടികളും നൂറുദിന പരിപാടിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വകുപ്പുതലത്തിലുള്ള വിശദ വിവരങ്ങള്‍ പരിപാടിയുടെ ഭാഗമായുള്ള വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. നൂറുദിനങ്ങളില്‍ പുനര്‍ഗേഹം പദ്ധതി പ്രകാരം വിവിധ ജില്ലകളില്‍ ആയിരത്തോളം ഭവനങ്ങളുടെ താക്കോല്‍ദാനവും നടത്തും. ലൈഫ് പദ്ധതിയുടെ ഭാഗമായി 20,000 വ്യക്തിഗത ഭവനങ്ങളുടെ പൂര്‍ത്തീകരണം നൂറുദിന പരിപാടിയില്‍ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

മെയ് 17 ന് കുടുംബശ്രീ സ്ഥാപക ദിനം ആചരിക്കും. കുടുംബശ്രീയുടെ ഉത്പന്നങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കാന്‍ സംവിധാനം ഒരുക്കും. വ്യവസായ വകുപ്പിന്റെ പദ്ധതിയായ ഒരു ലക്ഷം സംരംഭങ്ങളുടെ ഭാഗമായി 2,80,934 പ്രത്യക്ഷ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ജലവിഭവ വകുപ്പ് 1879.89 കോടിയുടെയും, പൊതുമരാമത്ത് വകുപ്പില്‍ 2610.56 കോടിയുടെയും, വൈദ്യുതി വകുപ്പില്‍ 1981.13 കോടിയുടെയും, തദ്ദേശസ്വയംഭരണ വകുപ്പ് 1595.11 കോടിയുടെയും അടങ്കലുള്ള പരിപാടികളാണ് നടപ്പിലാക്കുന്നത്.

© 2024 Live Kerala News. All Rights Reserved.