2022 ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ അര്‍ജന്റീനിയന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: 2022 ഫുട്ബോള്‍ ലോകകപ്പില്‍ വിജയികളായ അര്‍ജന്റീനിയന്‍ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് വിശ്വ ഫുട്ബോളര്‍ ലയണല്‍ മെസ്സി അര്‍ജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്ന് പിണറായി കുറിച്ചു. മത്സര ശേഷം ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രി അര്‍ജന്റീനയെ അഭിനന്ദിച്ചത്.

പിന്നില്‍ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാന്‍സ് ഫൈനല്‍ മത്സരം ആവേശോജ്ജ്വലമാക്കിയെന്നും മുഖ്യമന്ത്രി കുറിച്ചു. അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തര്‍ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വലമായ അധ്യായമാക്കി മാറ്റി.

ഫുട്ബോള്‍ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാരങ്ങളാണ് ഈ ടൂര്‍ണമെന്റിലുടനീളം കണ്ടത്. പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍. ഇനി അടുത്ത ലോകകപ്പിനായി നമ്മള്‍ ഫുട്ബോള്‍ പ്രേമികള്‍ക്കു കാത്തിരിക്കാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്

അവസാനം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഫ്രാന്‍സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2 ന് തോല്‍പിച്ചാണ് അര്‍ജന്റീന വിജയികളായത്. 90 മിനിറ്റില്‍ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും തുല്യത പാലിച്ചതിനെ തുടര്‍ന്ന് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മൂന്നാം ഗോള്‍ അര്‍ജന്റീന നേടിയെങ്കിലും അവസാന നിമിഷം എംബാപ്പെ അത് മടക്കി വീണ്ടും സമനിലയിലെത്തിച്ചു. പിന്നീടാണ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

© 2024 Live Kerala News. All Rights Reserved.