ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതി തീവ്രം. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,097 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 55 ശതമാനം വര്‍ധനയാണ് ഉണ്ടായത്. 37379 കോവിഡ് കേസുകളായിരുന്നു കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. ഇന്ത്യയിലെ ഒമിക്രോണ്‍ വൈറസ് വകഭേദം ബാധിച്ചവരുടെ എണ്ണം രണ്ടായിരം പിന്നിടുകയും ചെയ്തിട്ടുണ്ട്. 2135 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 653 കേസുകളാണ് മഹാരാഷ്ട്രയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. തൊട്ടു പിന്നിലുള്ള ഡല്‍ഹിയില്‍ 464 ഒമിക്രോണ്‍ കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ കൊവിഡ് രോഗ മുക്തി നിരക്ക് നിലവില്‍ 98.01 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 15,389 പേര്‍ സുഖം പ്രാപിച്ചു. ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 3,43,21,803 ആണ്. രാജ്യത്തെ ആക്ടീവ് കേസുകള്‍ ആകെ കേസുകളില്‍ 1 ശതമാനത്തില്‍ താഴെയാണ്. 2.60 ശതമാനമാണ് പ്രതിവാര പോസിറ്റിവിറ്റി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.18 ശതമാനമാണ്.
അതേസമയം കോവിഡ് പ്രതിരോധത്തിനുള്ള നേസല്‍ വാക്‌സീന് പരീക്ഷണാനുമതി ലഭിച്ചു. ഡ്രഗ്‌സ് അതോറിറ്റി വിദഗ്ധസമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്. കോവാക്‌സീന്‍ ഉല്‍പാദകരായ ഭാരത് ബയോടെക്കിനാണ് അനുമതി ലഭിച്ചത്. കോവിഷീല്‍ഡും കോവാക്‌സീനും സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് നല്‍കുക.