കെ റെയില്‍ പുനരധിവാസ പാക്കേജായി; വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷവും; നഷ്ടപരിഹാരം ഇങ്ങനെ

തിരുവനന്തപുരം: കെ – റെയിലിന്റെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ നഷ്ടപരിഹാര പാക്കേജ് തയാറായി. വീട് നഷ്ടപ്പെടുകയോ, ഭൂമി നഷ്ടപ്പെടുകയോ ചെയ്താല്‍, അതിദരിദ്രരായ ആളുകള്‍ക്ക് അടക്കം എത്രയാകും നഷ്ടപരിഹാരമടക്കമുള്ള തുകയെന്ന വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യസ്ഥാനപനങ്ങള്‍ക്കും, വാടകക്കാര്‍ക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാല്‍ എത്ര രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമമേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് വാര്‍ത്താക്കുറിപ്പായി ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്.

പുനരധിവാസപാക്കേജ് ഇങ്ങനെയാണ്:

വീട് നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും അല്ലെങ്കില്‍ നഷ്ടപരിഹാരവും ലൈഫ് മാതൃകയില്‍ വീടും നല്‍കും. അതിദരിദ്രര്‍ക്ക് അഞ്ചുസെന്റ് ഭൂമിയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. കാലിത്തൊഴുത്ത് പൊളിച്ചുനീക്കിയാല്‍ 25,000 രൂപ മുതല്‍ 50,000 രൂപവരെ നഷ്ടപരിഹാര തുക നല്‍കും. വാണിജ്യസ്ഥാപനങ്ങള്‍ നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും 50000 രൂപയും നല്‍കും. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വാണിജ്യ സ്ഥാപനങ്ങള്‍ക്ക് രണ്ടു ലക്ഷം നല്‍കും. ഏറ്റെടുക്കുന്ന ഭൂമിക്ക് ഗ്രാമപ്രദേശങ്ങളില്‍ വിലയുടെ നാലിരട്ടിയും നഗരപ്രദേശങ്ങളില്‍ വിലയുടെ രണ്ടിരട്ടിയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അര്‍ധ അതിവേഗ റെയില്‍വെയായ സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച് സംശയങ്ങള്‍ ദൂരീകരിക്കാന്‍ തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത പൗര പ്രമുഖരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അതേസമയം, പദ്ധതിയെ എതിര്‍ത്ത് പരസ്യമായിത്തന്നെ രംഗത്തുവന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പരിസ്ഥിതി പഠനത്തിന് തുടക്കമിടുകയാണ്. റെയില്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയാണ് പരിഷത്തിന്റെ പഠനം. റിപ്പോര്‍ട്ട് ലഘുലേഖയായി പൊതുജനങ്ങളിലേക്കെത്തിക്കും.

© 2024 Live Kerala News. All Rights Reserved.