തിരുവനന്തപുരം: സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്‌സ്പ്രസിനെ വരവേൽക്കാനൊരുങ്ങി കേരളം. 16 പാസഞ്ചർ കാറുകൾ അടങ്ങുന്ന ഒരു യൂണിറ്റും 1,128 പേർക്ക് ഇരിക്കാവുന്ന രണ്ട് റേക്കുകളും കേരളത്തിന് ലഭിക്കുമെന്നാണ് വിവരം. തിരുവനന്തപുരം ഡിവിഷനിൽ നിന്നായിരിക്കും വന്ദേ ഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്.
തിരുവനന്തപുരത്ത് സർവീസ് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ റെയിൽവേ ബോർഡ് അധികൃതർക്ക് നിർദ്ദേശം നൽകി. രണ്ട് റേക്കുകൾ കൈകാര്യം ചെയ്യുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമുള്ള സൗകര്യം തിരുവനന്തപുരത്ത് തന്നെ നിർമ്മിക്കും. കേരളത്തിൽ നിലവിലുള്ള റെയിൽവേ ട്രാക്കിന്റെ ശോചനീയാവസ്ഥ കാരണം വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനുകൾക്ക് ഉദ്ദേശിച്ച വേഗതയിൽ ഓടാൻ സാധിക്കില്ല. എന്നിരുന്നാലും വേഗത അൽപ്പം കുറച്ച് കേരളത്തിലൂടെ ട്രെയിനുകൾ ഓടിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.
ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് ട്രെയ്‌നുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ആദ്യ ട്രെയിനിന്റെ നിർമ്മാണം ഓഗസ്റ്റിൽ പൂർത്തിയാകും. 2023 ഓഗസ്റ്റിന് മുൻപ് വിവിധ റെയിൽവേ സോണുകളിലേയ്‌ക്ക് 75 ട്രെയിനുകൾ ഉൾപ്പെടുത്താനാണ് റെയിൽവേ മന്ത്രാലയം പദ്ധതിയിടുന്നത്. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലാണ് തിരുവനന്തപുരം ഡിവിഷനിലേയ്‌ക്ക് ട്രെയിൻ ലഭിക്കുക.
കേരളത്തിലേയ്‌ക്ക് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന് ബിജെപി നേതാക്കൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ദക്ഷിണ റെയിൽവേയുടെ കീഴിൽ ചെന്നൈ, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്‌ക്കാണ് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുക.