സംസ്ഥാനത്തെ രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ: 4.5ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാമത്തെ വന്ദേഭാരത് എക്സ്പ്രസിന്റെ സ്ഥിരം സർവീസ് ഇന്ന് മുതൽ ആരംഭിക്കും. വൈകിട്ട് 4.5ന് തിരുവനന്തപുരത്ത് നിന്നാണ് സർവീസ് ആരംഭിക്കുക. നാളെ കാസർഗോഡ് നിന്നും സർവീസ് തുടങ്ങും. ആഴ്ചയിൽ ആറ് ദിവസമാണ് സർവീസ്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തു നിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർഗോഡ് നിന്നും സർവീസ് നടത്തും.

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ആദ്യത്തെ വന്ദേഭാരത് ട്രെയിൻ ഏപ്രിലിലാണ് സർവീസ് ആരംഭിച്ചത്. കോട്ടയം വഴി കടന്നുപോകുന്ന ഈ ട്രെയിനിന് ഒൻപത് ജില്ലകളിൽ സ്‌റ്റോപ്പ് ഉണ്ട്. ആദ്യ ട്രെയിന്റെ ഏകദേശം അതേ റൂട്ടിൽ തന്നെയാണ് രണ്ടാമത്തെ ട്രെയിനും കടന്നുപോകുന്നത്. എന്നാൽ, ആദ്യ ട്രെയിൻ കോട്ടയം വഴി കടന്നു പോകുമ്പോൾ പുതിയത് ആലപ്പുഴ വഴിയാണ് കടന്നുപോകുക.

തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർഗോട്ടേക്കുള്ള ദൂരം 573 കിലോമീറ്റർ ആണ്. കോട്ടയം വഴി 586 കിലോമീറ്ററും. എട്ട് മണിക്കൂറുകൊണ്ടാണ് രണ്ട് വന്ദേഭാരത് ട്രെയിനുകളും ഈ ദൂരം എത്തിച്ചേരുക. മറ്റ് ട്രെയിനുകൾ 10 മുതൽ 12 മണിക്കൂർ സമയമെടുത്താണ് ഈ ദൂരം എത്തിച്ചേരാറുള്ളത്.

© 2024 Live Kerala News. All Rights Reserved.