‘കെ റെയില്‍ ഇല്ലെങ്കില്‍ ആരും ചാകില്ല’ ;ശ്രീനിവാസന്റെ അഭിപ്രായം പങ്കുവെച്ച് വിനായകന്‍

കൊച്ചി: നടന്‍ ശ്രീനിവാസന്‍ സില്‍വര്‍ ലൈന്‍ പദ്ധതിയെകുറിച്ച് നടത്തിയ അഭിപ്രായത്തിന്റെ സ്‌ക്രീന്‍ ഷോട്ട് ഫേസ്ബുക്കിലൂടെ പങ്കുവെച്ച് നടന്‍ വിനായകന്‍. ‘കെ റെയില്‍ ഇല്ലെങ്കില്‍ ആരും ചാകില്ല’ എന്ന ശ്രീനിവാസന്റെ അഭിപ്രായമാണ് വിനായകന്‍ പങ്കുവെച്ചിരിക്കുന്നത്.

കെ റെയില്‍ ഇല്ലെന്നു കരുതി ആരും മരിച്ചൊന്നും പോകില്ലെന്നും ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം കഴിഞ്ഞിട്ട് പദ്ധതി നടപ്പാക്കിയാല്‍ പോരേയെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്.ഭക്ഷണം പാര്‍പ്പിടം തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍ ഇനിയും നടപ്പാക്കാനുണ്ട്. ഇതൊക്കെ കഴിഞ്ഞിട്ട് പോരെ അതിവേഗ റെയില്‍ നടപ്പാക്കുന്നത്. കടം മേടിച്ചിട്ടേ ഈ പദ്ധതി നടപ്പാക്കാനാകൂ, പിന്നീട് കടം കിട്ടാതാകും. കോണ്‍ഗ്രസ് അവര്‍ ഭരണത്തിലിരിക്കുന്ന സമയത്ത് തന്നെ ഈ പദ്ധതിയെക്കുറിച്ച് ആലോചിച്ചെന്നാണ് അറിഞ്ഞത്. ഇപ്പോള്‍ ഭരണത്തിലില്ലാത്തതുകൊണ്ടായിരിക്കുമോ ഇതിനെ എതിര്‍ക്കുന്നത് എന്ന് എനിക്ക് അറിയില്ല. അവര്‍ക്കും ചിലപ്പോള്‍ നേട്ടം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇതിനെ എതിര്‍ക്കുമായിരുന്നില്ല.അടിസ്ഥാന സൗകര്യങ്ങള്‍ നടപ്പാക്കിയിട്ട് മതി കെ റെയിലില്‍ പോകുന്നത്. ഇതൊന്നുമില്ലാതെ ആളുകള്‍ യാത്ര ചെയ്യുന്നില്ലേ. സില്‍വര്‍ ലൈന്‍ വരാത്തതുകൊണ്ട് ആളുകള്‍ മരിച്ചുപോകുകയൊന്നുമില്ലല്ലോ,’ എന്നായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ശ്രീനിവാസന്റെ നിലപാടിനെ അനുകൂലിച്ചതാണോ? അതോ ഇടത് അനുകൂലിയായ വിനായകന്‍ സ്‌ക്രീന്‍ ഷോട്ട് പങ്കുവക്കുക വഴി ശ്രീനിവാസനെ ട്രോളിയതാണോ? എന്ന ചോദ്യം ആരാധകര്‍ ഉന്നയിക്കുന്നത്. അതേസമയം, സില്‍വര്‍ ലൈനിന് ഇപ്പോള്‍ അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരളം നല്‍കിയ ഡി.പി.ആര്‍ പൂര്‍ണമല്ലെന്നും പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും കേന്ദ്രം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.