കണ്ണൂര്‍: കെ-റെയിലിനെതിരെ വീണ്ടും പ്രതിഷേധം. കണ്ണൂരിലെ മാടായിപ്പാറയില്‍ സില്‍വര്‍ ലൈന്‍ സര്‍വേ കല്ലുകള്‍ വീണ്ടും പിഴുതു മാറ്റിയ നിലയില്‍. മാടായിപ്പാറ റോഡരികില്‍ എട്ട് സര്‍വേക്കല്ലുകള്‍ കൂട്ടിയിട്ട് അതിന് മുകളില്‍ റീത്ത് വച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.പ്രദേശത്ത് ഇതിന് മുമ്പും രണ്ടു തവണ സില്‍വര്‍ലൈന്‍ സര്‍വേക്കല്ലുകള്‍ പിഴുത് മാറ്റിയിട്ടുണ്ട്.പഴയങ്ങാടി പൊലീസ് അന്വേഷണം ആരംഭിച്ചു.സില്‍വര്‍ലൈന്‍ വിഷയത്തില്‍ പ്രതിഷേധം നിലനില്‍ക്കുന്ന പ്രദേശമാണിത്. മാടായിപ്പാറ സംരക്ഷണ സമിതി, സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി എന്നീ കൂട്ടായ്മകള്‍ പ്രദേശത്ത് സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് ഇവിടെ സര്‍വേ നടത്താന്‍ എത്തിയ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തിരുന്നു. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് സര്‍വേ നടത്തിയത്. അതേ സമയം കല്ല് പിഴുതതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഈ കൂട്ടായ്മകള്‍ വ്യക്തമാക്കിയിരുന്നു.കെ- റെയില്‍ എന്ത് വിലകൊടുത്തും നടപ്പിസാക്കുമെന്ന സര്‍ക്കാര്‍ നയത്തിനെതിരെ പ്രതിപക്ഷമടക്കമുള്ള പാര്‍ട്ടികളും, പരിസ്ഥിതി സംഘടനകളും രംഗത്തെത്തിയിരുന്നു.