ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണിനൊപ്പം കോവിഡ് കേസുകളും ഉയരുന്നു. 16,700 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.മുംബൈ, ദില്ലി, കൊല്‍ക്കത്ത, ബംഗ്ലൂരു, പൂനെ, നാസിക് തുടങ്ങിയ മെട്രോ നഗരങ്ങളിലാണ് രോഗബാധിതരുടെ എണ്ണം ഉയരുന്നത്.ഒമിക്രോണ്‍ രോഗബാധിതര്‍ 1,270ആയി ഉയര്‍ന്നു. ഇന്ന് ബീഹാറില്‍ ആദ്യത്തെ ഒമിക്രോണ്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയിലും മുംബൈയിലുമാണ് ഒമിക്രോണ്‍ വ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമായതോടെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിവാഹങ്ങള്‍ക്ക് 50 പേരെ മാത്രം അനുവദിക്കും. ഇന്ത്യയിലെ ആദ്യത്തെ ഒമിക്രോണ്‍ മരണം ഇന്നലെ മഹാരാഷ്ട്രയില്‍ സ്ഥിരീകരിച്ചു. പിംപ്രി-ചിന്ച്ച്വാദിലാണ് ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്നെത്തിയ 52കാരന്‍ ചികിത്സയില്‍ കഴിയവേ ചൊവ്വാഴ്ചയാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. പിന്നീട് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഗോവയില്‍ രാത്രികാല നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ രണ്ടു ഡോസ് വാക്സീനെടുത്തതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. രോഗ വ്യാപന ഭീഷണിയുളളതിനാല്‍ ഡല്‍ഹിയില്‍ സകൂളുകളും കോളേജുകളും അടച്ചിട്ടുണ്ട്. റസ്റ്റോറന്റ്, പബ്ബുകള്‍, ക്ലബ്ബുകള്‍ എന്നിവിടങ്ങളില്‍ 50 ശതമാനം ആളുകള്‍ മാത്രമെ പ്രവേശനമൊളളു. രാത്രി പത്തു വരെയാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം. നഗരത്തില്‍ എവിടേയും പുതുവത്സരാഘോഷങ്ങളും ഒത്തുചേരലുകളും നടത്തുന്നത് ഡല്‍ഹി ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുണ്ട്. ഒമിക്രോണ്‍ ബാധിതര്‍ കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്.