തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കായി വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്താന്‍ പുതിയ നീക്കവുമായി സി.പി.ഐ(എം). പദ്ധതിയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയാണ് പ്രചാരണത്തിന്റെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് സിപിഐഎം ലഘുലേഖ തയ്യാറാക്കി. ഇവ വീടുകളില്‍ വിതരണം ചെയ്യും.പദ്ധതി അട്ടിമറിക്കാന്‍ യുഡിഎഫ്-ബിജെപി-ജമാ അത്തെ ഇസ്ലാമി കൂട്ടുകെട്ടാണെന്നും സി.പി.എം കുറ്റപ്പെടുത്തുന്നു. കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ അവിശുദ്ധ കൂട്ടുകേട്ടെന്നും സി.പി.എം ആരോപിക്കുന്നു.സില്‍വര്‍ ലെയില്‍ സമ്പൂര്‍ണ്ണ ഹരിത പദ്ധതിയാണെന്ന് ലഘുലേഖയില്‍ അവകാശപ്പെടുന്നു. പദ്ധതി സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളിലൂടെയോ വന്യ ജീവി മേഖലകളിലൂടെയോ കടന്നുപോകുന്നില്ലെന്നാണ് സി.പി.എം ഉന്നയിക്കുന്ന ഒരു വാദം. പദ്ധതി യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ ജലാശയങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കും. കൃഷി ഭൂമിയെ കാര്യമായി ബാധിക്കില്ല. അന്തരീക്ഷ മലിനീകരണം കുറയ്ക്കുമെന്നും ആരാധനാലയങ്ങളെ പരമാവധി ബാധിക്കാതെ പദ്ധതി നടപ്പാക്കുമെന്നും സി.പി.എം പറയുന്നു.സില്‍വല്‍ ലൈന്‍ പദ്ധതിയുടെ ചെലവ് ഒരു ലക്ഷം കവിയുമെന്നത് വസ്തുതാവിരുദ്ധമായ ആരോപണമാണ്. പദ്ധതി ബാധിക്കുന്ന 9314 കെട്ടിട ഉടമകള്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കും. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിക്കുന്നില്ലെന്നും ലഘുലേഖയില്‍ വിമര്‍ശനമുണ്ട്.കെ റെയില്‍ പദ്ധതി വേണ്ടെന്ന് മുഷ്‌ക് കാണിച്ചാല്‍ അംഗീകരിച്ച് നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതേസമയം, പദ്ധതി നടപ്പാക്കുന്നതില്‍ നിന്നും പിന്നോട്ടില്ലെന്നും ആര് എതിര്‍ത്താലും നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. നാടിന് ഒരു പദ്ധതി ആവശ്യമാണെങ്കില്‍ അത് നടപ്പാക്കാനാണ് സര്‍ക്കാര്‍. സില്‍വര്‍ലൈന്‍ ഇക്കാലത്തല്ലെങ്കില്‍ പിന്നെ എപ്പോള്‍ നടപ്പാക്കുമെന്നും കാസറഗോഡ് നടന്ന ഒരു പൊതുപരിപാടിയിലെ പ്രസംഗത്തില്‍ പിണറായി വിജയന്‍ ചോദിച്ചു.