തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ മുഖ്യമന്ത്രിയേയും സംസ്ഥാന സര്‍ക്കാരിനേയും പിന്തുണച്ച കോണ്‍ഗ്രസ് എംപി ശശിതരൂരിന് താക്കീതുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ വൃത്തങ്ങളില്‍ ഒതുങ്ങുന്ന ആളല്ല ശശി തരൂര്‍. എന്നാല്‍ പാര്‍ട്ടി നിലപാടിന് ഒപ്പം നില്‍ക്കണം. വിഷയത്തില്‍ തരൂരില്‍ നിന്നും വിശദീകരണം തേടുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഇരുന്നിടം കുഴിക്കാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പും നല്‍കി. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു സുധാകരന്റെ പ്രതികരണം.
കോണ്‍ഗ്രസിനകത്ത് വ്യത്യസ്ത കാഴ്ചപാടുകള്‍ ഉള്ള ആളുകളുണ്ട്. അത് സ്വാഭാവികമാണ്. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള ആളുകള്‍ ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ ജനാധിപത്യമില്ല. പക്ഷേ ആത്യന്തികമായി പാര്‍ട്ടിക്ക് വിധേയരാകേണ്ടി വരും പാര്‍ട്ടിക്ക് അകത്തുള്ള ആളുകള്‍. ശശി തരൂരിനോട് വിശദീകരണം തേടിയിട്ടുണ്ട്. നേരിട്ട് കണ്ട് സംസാരിക്കാനും ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം വരുമെന്നാണ് പ്രതീക്ഷ സുധാകരന്‍ പറഞ്ഞു.കെ റെയിലില്‍ ശശി തരൂര്‍ സ്വീകരിച്ച നിലപാടി ചൂണ്ടിക്കാട്ടി ഇടത് കേന്ദ്രങ്ങള്‍ പ്രതിപക്ഷത്തിന് എതിരെ പ്രചാരണങ്ങള്‍ ഉള്‍പ്പെടെ ശക്തമാക്കിതിന് പിന്നാലെയാണ് കെ സുധാകരന്റെ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കളും തരൂരിന് എതിരെ രംഗത്ത് എത്തിയിരുന്നു. യുഡിഎഫ് കെ റെയിലിന് എതിരല്ല, എന്നാല്‍ പദ്ധതി നാടിന് ഗുണമാണെന്ന് ബോധ്യപ്പെടുത്തണം. വികസനമാണെങ്കില്‍ ജനസമൂഹത്തിന്റെ വികസനം ആയിരിക്കണം. വികസനം നടപ്പാക്കാന്‍ വാശിയല്ല വേണ്ടത് പ്രായോഗിക ബുദ്ധിയാണ്. വെള്ളിരേഖ ജനങ്ങള്‍ക്ക് വെള്ളിടിയായി മാറുന്ന നിലയുണ്ടാവണം. കെ റെയിലില്‍ ഹിത പരിശോധന നടത്തണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.