കെ-റെയില്‍ പദ്ധതി; യു.ഡി.എഫ് നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിടാതിരുന്നത് പരിശോധിക്കുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കെ-റെയില്‍ പദ്ധതിയ്ക്കെതിരായ യു.ഡി.എഫ് എം.പിമാരുടെ നിവേദനത്തില്‍ ഒപ്പു വയ്ക്കാതെ ശശി തരൂര്‍ എം.പിയുടെ നടപടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിന് അനാവശ്യ ധൃതിയാണ്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതം പഠിച്ചിട്ടില്ല. പദ്ധതിയുടെ മറവില്‍ സുതാര്യമല്ലാത്ത ഇടപാടുകളാണ് നടക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.കെ-റെയില്‍ പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും പദ്ധതി കേരളത്തിന് ഗുണകരമല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര റെയില്‍വേ മന്ത്രിയ്ക്ക് യു.ഡി.എഫ് നിവേദനം നല്‍കിയത്. യു.ഡി.എഫിന്റെ കേരളത്തില്‍ നിന്നുള്ള പതിനെട്ട് എം.പിമാര്‍ മാത്രമാണ് നിവേദനത്തില്‍ ഒപ്പുവച്ചത്.പുതുച്ചേരി എം.പിയും നിവേദനത്തില്‍ ഒപ്പിട്ടു. പദ്ധതി നടപ്പാക്കരുതെന്നാണ് യു.ഡി.എഫ് എം.പിമാരുടെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ സഹകരിക്കരുതെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്നാല്‍ നിവേദനത്തില്‍ തരൂര്‍ ഒപ്പിട്ടിരുന്നില്ല. പദ്ധതി സംബന്ധിച്ച് കൂടുതല്‍ പഠനം വേണമെന്നാണ് ശശി തരൂരിന്റെ നിലപാട്.നിവേദനത്തില്‍ ഒപ്പിടാത്തതിന് കാരണം പദ്ധതിയെ അനുകൂലിക്കുന്നത് കൊണ്ടാണെന്ന വ്യാഖ്യാനം ആരും നല്‍കേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.