ഹെലികോപ്റ്റര്‍ അപകടം; ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

കുനൂര്‍: തമിഴ്‌നാട്ടിലെ കൂനുരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. വ്യോമസേനയാണ് മരണം സ്ഥിരീകരിച്ചത്. ബാംഗ്ലൂരിലെ വ്യോമസേനയുടെ കമാന്‍ഡ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വരുണ്‍ സിംഗ്. 39 വയസായിരുന്നു. ഉത്തര്‍ പ്രദേശ് കന്‍ഹോലി സ്വദേശിയാണ് വരുണ്‍ സിംഗ്.അപകടത്തില്‍ വരുണ്‍ സിങിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ആദ്യം വെല്ലിങ്ടണിലെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചെങ്കിലും മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനായി റോഡ് മാര്‍ഗം സുലൂര്‍ വ്യോമത്താവളത്തിലെത്തിക്കുകയും അവിടെ നിന്ന് അദ്ദേഹത്തെ വ്യോമമാര്‍ഗം ബെംഗളൂരുവിലെ സൈനിക ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.കഴിഞ്ഞ ബുധനാഴ്ചയാണ് കൂനൂരില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെല്ലിങ്ടണ്‍ യാത്രക്കിടെയായിരുന്നു രാജ്യത്തെ ഞെട്ടിച്ച അപകടം. അപകടത്തില്‍ സംയുക്തസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തും പത്നി മധുലിക റാവത്തും 11 മുതിര്‍ന്ന സൈനികോദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു. അപകടത്തില്‍ ജീവനോടെ രക്ഷപെട്ട ഒരേയൊരു ഉദ്യോഗസ്ഥനായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്.കഴിഞ്ഞവര്‍ഷം വരുണ്‍ സിംഗ് ഓടിച്ചിരുന്ന എയര്‍ക്രാഫ്റ്റ് അപകടത്തില്‍പ്പെട്ടിരുന്നു. എന്നാല്‍ പൈലറ്റ് എന്ന രീതിയില്‍ നേടിയ വൈദഗ്ധ്യമാണ് വരുണ്‍ സിംഗിന്റെ ജീവന്‍ രക്ഷിച്ചത്. സ്വാതന്ത്രദിനത്തില്‍ ശൗര്യചക്ര നല്‍കിയാണ് വരുണ്‍ സിംഗിന്റെ ധീരതയേയും കഴിവിനെയും രാജ്യം ആദരിച്ചത്. റിട്ട കേണല്‍ കെ പി സിംഗാണ് വരുണ്‍ സിംഗിന്റെ പിതാവ്. സഹോദരന്‍ തനൂജ് നേവി ഉദ്യോഗസ്ഥനാണ്.

© 2023 Live Kerala News. All Rights Reserved.