ചെന്നൈ: തമിഴ്‌നാട്ടിലെ കൂനുരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോനയ്ക്ക് അയച്ചു. കോയമ്പത്തൂര്‍ താമസിച്ചുവരുന്ന മലയാളി ഫോട്ടോഗ്രാഫറാണ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങളെന്ന് കരുതുന്ന വീഡിയോ ചിത്രീകരിച്ചത്. വീഡിയോയില്‍ മേഘങ്ങള്‍ക്ക് ഇടയിലേക്ക് മറയുന്ന ഹെലികോപ്റ്ററുകളുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്.നിബിഡ വന മേഖലയില്‍ എങ്ങനെ മലയാളി ഫോട്ടോഗ്രാഫര്‍ എത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും. ഫോറന്‍സിക് പരിശോധനയില്‍ ഫോണിലുള്‍പ്പെട്ടിരിക്കുന്ന വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താനാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ നല്‍കിയ വിശദീകരണത്തില്‍ യാതൊരു നിഗൂഢതയും ഇതുവരെ കണ്ടെത്തിയിട്ടില്ല.അപകടത്തിന്റെ കാരണം മനസിലാക്കാന്‍ സൈനികതലത്തില്‍ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തില്‍പ്പെട്ട് തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്സ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്.