ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്തിനും പത്‌നി മധുലിക റാവത്തിനും കണ്ണീരോടെ വിടചൊല്ലി രാജ്യം. ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയറില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. മകള്‍ ഇരുവരുടെയും ചിതയ്ക്ക് തീകൊളുത്തി. 17 ഗണ്‍ സല്യൂട്ട് നല്‍കിയാണ് സൈന്യം രാജ്യത്തിന്റെ വീരപുത്രന് അന്ത്യയാത്രാമൊഴി നല്‍കിയത്.ബ്രിഗേഡിയര്‍ റാങ്കിലുള്ള 12 ഉദ്യോഗസ്ഥര്‍ ചടങ്ങുകള്‍ക്കു നേതൃത്വം നല്‍കി. ‘ഭാരത് മാതാ കി ജയ്’ വിളികളുമായി ആയിരങ്ങളാണ് ബ്രാര്‍ സ്‌ക്വയറിന് സമീപം തടിച്ചു കൂടിയത്.ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലദേശ് രാജ്യങ്ങളിലെ സൈനിക കമാന്‍ഡര്‍മാരും വിദേശ നയതന്ത്ര പ്രതിനിധികളും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ആഭ്യന്തരമന്ത്രി അമിത് ഷാ വീട്ടിലെത്തി റാവത്തിനും ഭാര്യയ്ക്കും ആദരാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, മന്‍സുഖ് മാണ്ഡവ്യ, സ്മൃതി ഇറാനി, സര്‍ബനന്ദ സോനോവാള്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ഗാന്ധി, എ.കെ. ആന്റണി, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയവരും ബിപിന്‍ റാവത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. ഇവരെക്കൂടാതെ, ഭാരത് കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ, ഡിഎംകെ നേതാക്കളായ എ.രാജ, കനിമൊഴി തുടങ്ങിയവരും സംയുക്ത സേനാ മേധാവിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.ബുധനാഴ്ച തമിഴ്നാട്ടിലെ കൂനൂരിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ജനറല്‍ ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടിരുന്നു.