ബ്രിഗേഡിയര്‍ ലിഡ്ഡര്‍ക്ക് വിട നല്‍കി രാജ്യം;ബിപിന്‍ റാവത്തിന്റെ മൃതദേഹം വസതിയിലെത്തിച്ചു

ഊട്ടി: തമിഴ്‌നാട്ടിലെ കുനൂരില്‍ സൈനിക ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ബ്രിഗേഡിയര്‍ ലഖ്ബിന്ദര്‍ സിങ് ലിഡ്ഡറുടെ ഭൗതികശരീരം സംസ്‌കരിച്ചു. ഔദ്യോഗിക സൈനിക ബഹുമതികളോടെ അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ചു.ഡല്‍ഹി കന്റോണ്‍മെന്റിലുള്ള ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തിലായിരുന്നു ചടങ്ങുകള്‍. ധീര ജവാന് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധി പേരാണ് എത്തിയത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ്, കരസേന മേധാവി എംഎം നരവണെ, നാവികസേനാ മേധാവി ചീഫ് അഡ്മിറല്‍ ആര്‍ ഹരികുമാര്‍, വ്യോമസേനാ മേധാവി ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി, എന്‍എസ്എ അജിത്ത് ഡോവല്‍ ഉള്‍പ്പെടെയുള്ളവരും മറ്റ് ഉന്നത സൈനിക ഉദ്യോഗസ്ഥരും ആദരാഞ്ജലി അര്‍പ്പിച്ചു. ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും അന്തിമോപചാരം അര്‍പ്പിച്ചു.ഹരിയാണയിലെ പഞ്ച്കുല സ്വദേശിയാണ് ബ്രിഗേഡിയര്‍ ലിഡ്ഡെര്‍. 1990 ലാണ് ജമ്മു കശ്മീര്‍ റൈഫിള്‍സില്‍ ജോലി ആരംഭിച്ചത്. ഇന്ത്യയുടെ കസാഖ്സ്താനിലെ സൈനിക നടപടിയില്‍ പ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹത്തിന് സേനാമെഡല്‍, വിശിഷ്ട സേവാ മെഡല്‍ തുടങ്ങിയവ ലഭിച്ചു.അതേസമയം അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റേയും ഭാര്യ മധുലിക റാവത്തിന്റേയും ഭൗതികശരീരം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ പൊതു ദര്‍ശനത്തിന് വച്ചിരിക്കുകയാണ്. 1.30 ന് ശേഷം ഡല്‍ഹി കന്റോണ്‍മെന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടത്തും. ഇവരുടേയും ലാന്‍സ് നായിക് വിവേക് കുമാറിന്റെയും മൃതദേഹങ്ങള്‍ മാത്രമാണ് ഇതു വരെ തിരിച്ചറിഞ്ഞിട്ടുള്ളത്. ബാക്കി ഒമ്പത് സൈനികരുടെ മൃതദേഹങ്ങളുടെയും ഡിഎന്‍എ പരിശോധന പുരോഗമിക്കുകയാണ്. മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

© 2024 Live Kerala News. All Rights Reserved.