ന്യൂഡല്‍ഹി:തമിഴ്നാട്ടിലെ കുനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത് എന്നിവര്‍ക്കും 11 സൈനികര്‍ക്കും രാജ്യത്തിന്റെ പ്രണാമം. ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് ഡല്‍ഹി കന്റോണ്‍മെന്റിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും. അപകടത്തില്‍ മരിച്ച മറ്റ് സൈനികരുടെ മൃതദേഹങ്ങള്‍ ജന്മനാടുകളിലേക്ക് കൊണ്ടുപോകും.ബിപിന്‍ റാവത്തിന്റെ മൃതദേഹം രാവിലെ ഒമ്പതു മണിയോടെ ഡല്‍ഹിയിലെ വസതിയില്‍ എത്തിക്കും. 11.30 മുതല്‍ പൊതുദര്‍ശനം. ഒരു മണിക്കൂര്‍ പൊതുജനങ്ങള്‍ക്കും ഒരു മണിക്കൂര്‍ സൈനികര്‍ക്കും അന്തിമോപചാരം അര്‍പ്പിക്കാം. 1.30 ന് ശേഷം ഡല്‍ഹി കാന്റിലെ ശ്മശാനത്തില്‍ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കാരം.ഇന്നലെ രാത്രി എട്ടുമണിയോടെ ഡല്‍ഹയിലെത്തിയ മൃതദേഹങ്ങള്‍ കാണാനായി പ്രധാനമന്ത്രി അടക്കമുള്ള പ്രമുഖരല്ലാമെത്തി. ഊട്ടി വെല്ലിങ്ടണ്‍ മദ്രാസ് റെജിമെന്റ് സെന്ററിലെ പൊതു ദര്‍ശനശേഷം വിലാപയാത്രയായാണ് മൃതദേഹങ്ങള്‍ സുലൂരിലെ വ്യോമ താവളത്തില്‍ എത്തിച്ചത്. രാത്രി എട്ടു മണിയോടെ സുലൂര്‍ വ്യോമ താവളത്തില്‍ നിന്നും മൃതദേഹങ്ങള്‍ പാലം എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നു.