മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് തമിഴ്‌നാട്; വീടുകളില്‍ വെള്ളം കയറി; നാട്ടുകാര്‍ പ്രതിഷേധിച്ചു

തൊടുപുഴ:മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രി തുറന്ന് തമിഴ്‌നാട്. ജലനിരപ്പ് 142 അടിയില്‍ എത്തിയതോടെയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ രാത്രിയില്‍ മുന്നറിയിപ്പില്ലാതെ വീണ്ടും തുറന്നത്. അണക്കെട്ടിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തുകയായിരുന്നു. ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ ഡാമിന് സമീപത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.സെക്കന്റില്‍ 8000 ഘനയടിയോളം വെള്ളമാണ് ഒഴുക്കിവിട്ടത്.പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കടത്തിക്കാട്, മഞ്ചുമല മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പ് ലഭിച്ചില്ലെന്ന പരാതിയുമായി വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തെ തുടര്‍ന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്‌നാട് കുറച്ചു. ഉയര്‍ത്തിയ പത്ത് ഷട്ടറുകളില്‍ അഞ്ചെണ്ണം അടച്ചു. തുറന്നിരിക്കുന്ന അഞ്ച് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. കൃത്യമായ അറിയിപ്പില്ലാതെ രാത്രി ഷട്ടര്‍ തുറക്കരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ ചൊവ്വാഴ്ച തമിഴ്നാടിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം തമിഴ്നാട് പരിഗണിച്ചില്ല.ഒരുമാസത്തിനിടെ ഇത് നാലാം തവണയാണ് മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത്.കഴിഞ്ഞ ദിവസം രാവിലെയോടെ അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും അടച്ചിരുന്നു. എന്നാല്‍ വീണ്ടും മഴ ശക്തമായതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കൂടിയ സാഹചര്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

© 2024 Live Kerala News. All Rights Reserved.