മുല്ലപ്പെരിയാര്‍ ഡാമിന്റെ 9 ഷട്ടറുകള്‍ തുറന്നു;7140 ഘനയടി വെള്ളം പുറത്തേക്ക്

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിലെ ഒന്‍ത് ഷട്ടറുകള്‍ തുറന്നു.ഇന്ന് രാവിലെയാണ് മൂന്ന് ഘട്ടമായി ഷട്ടറുകള്‍ തുറന്നത്. 60 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതോടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിച്ചിട്ടുണ്ട്. 7140 ഘനയടി വെള്ളമാണ് തുറന്നുവിടുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോള്‍ 141.90 അടിയാണ്.അതേ സമയം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നും രാത്രി കാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിടുന്നതിനെതിരെ കേരളം സുപ്രീം കോടതിയിലേക്ക് . സുപ്രീം കോടതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ബുധനാഴ്ച പുതിയ അപേക്ഷ നല്‍കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുല്ലപ്പെരിയാറില്‍ നിന്നും തമിഴ്‌നാട് തുടര്‍ച്ചയായി രാത്രിയില്‍ വെള്ളം തുറന്നുവിടാന്‍ ആരംഭിച്ചതോടെ പെരിയാര്‍ തീരവാസികള്‍ ആശങ്കയിലാണ്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് പലപ്പോഴും ഡാം തുറക്കുന്നത്. പെരിയാറിന് തീരത്തെ പല വീടുകളിലും വെള്ളം കയറി. ഇതോടെ ജനങ്ങള്‍ പ്രതിഷേധിച്ചു. മുന്നറിയിപ്പ് ഇല്ലാതെ വെള്ളം തുറന്നുവിടുന്ന തമിഴ് നാടിന്റെ സമീപനത്തിനെതിരെ കേരളം നടപടിയെടുക്കുന്നില്ല എന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയിലും ശക്തമാണ്. ഇതോടെയാണ് സര്‍ക്കാര്‍ കോടതിയെ സമീപിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.