ശബരിമലയില്‍ കര്‍ശനസുരക്ഷ;ഭീകരവാദികളോ മാവോയിസ്റ്റുകളോ വേഷം മാറിയെത്താന്‍ സാധ്യത

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് ഉത്സവങ്ങളോട് അനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നു.പൊലീസ് മേധാവി അനില്‍ കാന്ത് ഇക്കാര്യം അറിയിച്ചു. സന്നിധാനത്ത് മാത്രമായി 265 പൊലീസ് ഉദ്യോഗസ്ഥരെയും പമ്പയിലും നിലക്കലുമായി 190 പൊലീസ് ഉദ്യോഗസ്ഥരെയും നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഭീകരവാദികളോ മാവോയിസ്റ്റുകളോ വേഷം മാറിയെത്താന്‍ സാദ്ധ്യതയുണ്ടെന്ന കേന്ദ്ര സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് സുരക്ഷ കൂടുതല്‍ ശക്തമാക്കിയത്. സംശയമുള്ളവരുടെ ഇരുമുടിക്കെട്ട് ഉള്‍പ്പെടെ പരിശോധിക്കും.

നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ കൊല്ലം ക്രൈംബ്രാഞ്ച് എസ്പി പ്രേംകുമാര്‍ ആണ് സന്നിധാനത്തെ പൊലീസ് കണ്‍ട്രോളര്‍. മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി സന്തോഷ് പമ്പയിലും പാലക്കാട് ക്രൈംബ്രാഞ്ച് എസ്പി കെ. സലിം നിലയ്ക്കലും പൊലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കുമെന്നും അനികാന്ത് അറിയിച്ചു.നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ സന്നിധാനത്ത് കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി പ്രജീഷ് തോട്ടത്തിലും പമ്പയില്‍ പൊലീസ് ആസ്ഥാനത്തെ അഡീഷണല്‍ എഐജി ആനന്ദ് ആറും നിലയ്ക്കലില്‍ ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടര്‍ എസ്പി കെ.വി മഹേഷ്ദാസും പൊലീസ് കണ്‍ട്രോളര്‍മാരുടെ ചുമതല വഹിക്കും.ഡിസംബര്‍ 14 മുതല്‍ 26 വരെ സന്നിധാനത്ത് ആലപ്പുഴ ക്രൈംബാഞ്ച് എസ്പി പ്രശാന്തന്‍ കാണി കെബിയും പമ്പയില്‍ നെടുമങ്ങാട് എഎസ്പി രാജ്പ്രസാദും നിലയ്ക്കലില്‍ എറണാകുളം ക്രൈംബ്രാഞ്ച് എസ്പി എം.ജെ സോജനും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും. ഡിസംബര്‍ 29 മുതല്‍ ജനുവരി ഒന്‍പതു വരെ സന്നിധാനത്ത് സ്പെഷ്യല്‍ സെല്‍ എസ്പി ബി. കൃഷ്ണകുമാറും പമ്പയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്പി ബിജുമോന്‍ ഇ.എസ്, നിലയ്ക്കലില്‍ ടെലികമ്മ്യൂണിക്കേഷന്‍ എസ്പി ആമോസ് മാമ്മന്‍ എന്നിവരുമാണ് പൊലീസ് കണ്‍ട്രോളര്‍മാര്‍.ജനുവരി ഒമ്പത് മുതല്‍ 20 വരെ സന്നിധാനത്ത് പൊലീസ് കണ്‍ട്രോളര്‍ എസ്എപി കമാണ്ടന്റ് അജിത് കുമാര്‍ ബിയും പമ്പയില്‍ ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി വി. കുര്യാക്കോസും നിലയ്ക്കലില്‍ പൊലീസ് ട്രെയിനിംഗ് കോളജ് പ്രിന്‍സിപ്പല്‍ കെ.എല്‍ ജോണ്‍കുട്ടിയും പൊലീസ് കണ്‍ട്രോളര്‍മാരായിരിക്കും.ശബരിമല സ്പെഷ്യല്‍ ലയിസണ്‍ ഓഫീസറായി പത്തനംതിട്ട എസ്.പി ആര്‍. നിശാന്തിനിയെയും നിയോഗിച്ചിട്ടുണ്ട്. വിര്‍ച്യുല്‍ ക്യുവിന്റെ ചുമതല ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി എസ്.പി ഡോ. ദിവ്യ വി. ഗോപിനാഥിനാണ്.

© 2024 Live Kerala News. All Rights Reserved.