മകരവിളക്ക്: വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി, ഇനി സ്പോട്ട് ബുക്കിംഗ് മാത്രം

ശബരിമല: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. പ്രതിദിനം 80,000 പേർക്കാണ് ഇത്തവണ വെർച്വൽ ക്യൂ ബുക്കിംഗിലൂടെ ദർശനം നടത്താനുള്ള അനുമതി നൽകിയിരിക്കുന്നത്. ഡിസംബർ 15 മുതൽ ജനുവരി 15 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗാണ് പൂർത്തിയായിരിക്കുന്നത്. ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഒ.ബി ബിജു ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. ഇനിയുള്ള ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് നടത്താനുള്ള അവസരമുണ്ട്. പ്രതിദിനം 10000 പേർക്ക് മാത്രമാണ് സ്പോട്ട് ബുക്കിംഗ് നടത്താൻ കഴിയുക.

മണ്ഡലകാല പൂജകൾക്ക് ശേഷം അടച്ച ശബരിമല നട, ഡിസംബർ 30ന് വൈകിട്ട് 5 മണിക്കാണ് മകരവിളക്ക് മഹോത്സവത്തിനായി തുറക്കുക. മകരവിളക്ക് പ്രമാണിച്ചുള്ള പ്രസാദ ശുദ്ധിക്രിയകൾ ജനുവരി 13-ന് വൈകിട്ട് നടക്കും. ജനുവരി 14ന് രാവിലെ ബിംബ ശുദ്ധിക്രിയകളും നടക്കുന്നതാണ്. ജനുവരി 15നാണ് മകരവിളക്ക്. തിരക്ക് വർദ്ധിക്കുമെന്ന് കരുതുന്ന ജനുവരി 14, 15 തീയതികളിൽ വെർച്വൽ ക്യൂ ബുക്കിംഗ് 50,000-മായി നിജപ്പെടുത്തിയിട്ടുണ്ട്. ഈ രണ്ട് ദിവസങ്ങളിലും 10,000 പേർക്ക് വീതം സ്പോട്ട് ബുക്കിംഗ് നടത്താവുന്നതാണ്.

© 2024 Live Kerala News. All Rights Reserved.