മകരവിളക്ക്: പമ്പയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പമ്പയിൽ ഭക്തർക്ക് നിയന്ത്രണം ഏർപ്പെടുത്തി. പമ്പയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭക്തർ നിലയ്ക്കലിൽ തന്നെ തുടരണമെന്ന് പോലീസ് അറിയിച്ചു. മകരജ്യോതി ദർശനത്തിന് ശേഷം മാത്രമേ ഇനി ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുകയുള്ളൂ. നിലവിൽ, നിലയ്ക്കലിൽ ഭക്തജന തിരക്ക് വർദ്ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.

പമ്പയിലെ നടപ്പന്തലിൽ നിന്നുള്ള പ്രവേശന കവാടവും അടച്ചിരിക്കുകയാണ്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള എല്ലാ ഭാഗങ്ങളിലും പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സത്രം, കാനനപാത, വള്ളക്കടവ് ചെക്ക്പോസ്റ്റ് എന്നിവിടങ്ങൾ വഴി പുല്ലുമേട്ടിലേക്ക് ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ഭക്തരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുല്ലുമേട്ടിൽ ഡ്രോൺ നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മകരസംക്രമ സന്ധ്യയിൽ അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകുന്നേരം 6 മണിയോടെ സന്നിധാനത്ത് എത്തും. തുടർന്ന് വിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി, ദീപാരാധന നടക്കും. ഈ സമയത്താണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുക.

© 2024 Live Kerala News. All Rights Reserved.