ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്‌ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ഇന്ന് സർവ്വമതപ്രാർത്ഥനയും ഉപവാസവും നടത്തും. കോട്ടയത്തതാണ് വിവിധ കേരള കോൺഗ്രസുകൾ പ്രതിഷേധ സൂചകമായി പരിപാടി സംഘടിപ്പിക്കുന്നത്. കേരളകോൺഗ്രസിന്റ 55-ാം ജന്മദിനാചരണത്തിന്റ ഭാഗമായാണ് പരിപാടി.
കോട്ടയം നഗരത്തിൽ കേരള കോൺഗ്രസ് എമ്മിന്റ നേതൃത്വത്തിൽ നടക്കുന്ന സർവ്വമത പ്രാർത്ഥനക്ക് കെ.എം. മാണി എംഎൽഎ നേതൃത്വം നൽകും. കേരള കോൺഗ്രസ് ജേക്കബ് വിഭാഗവും നഗരത്തിൽ പ്രകടനം നടത്തും. എരുമേലിയിൽ പി.സി. ജോർജിന്റ നേതൃത്വത്തിലാണ് ഉപവാസവും പ്രാർത്ഥനയും.
അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിധിയിൽ പുനഃപരിശോധന ഹർജി നൽകാനാകില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വാർത്ത സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഏതു വിധിയായാലും നടപ്പാക്കുമെന്നു സർക്കാർ വ്യക്തമാക്കിയിരുന്നു. ആ നിലപാടു സ്വീകരിച്ച സർക്കാർ എങ്ങനെ പുനഃപരിശോധന ഹർജി നൽകും. അതു കോടതിക്കു നൽകിയ ഉറപ്പിനു വിരുദ്ധമാകും. തെറ്റിദ്ധാരണകൾ തിരുത്താൻ ആരുമായും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.