കശ്​മീരിൽ ആറു പൊലീസ്​ ഉദ്യോഗസ്​ഥരുടെ കുടുംബാംഗങ്ങളെ​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

ദക്ഷിണ കശ്​മീരിൽ ആറു പൊലീസ്​ ഉദ്യോഗസ്​ഥരുടെ കുടുംബാംഗങ്ങളെ​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. നിരവധി പൊലീസ്​ ഉദ്യോഗസ്​ഥരുടെ വീടുകളിൽ തീവ്രവാദികൾ നടത്തിയ പരിശോധനക്ക്​ ശേഷമാണ്​​ തട്ടിക്കൊണ്ടുപോകൽ നടന്നത്​.

തട്ടിക്കൊണ്ടുപോകൽ സമ്മർദ തന്ത്രമാണെന്ന് അധികൃതർ പറഞ്ഞു​. സുരക്ഷാ ഉദ്യോഗസ്​ഥർ നിരന്തരം പരിശോധനകൾ നടത്തി തീവ്രവാദികളുടെ ബന്ധുക്കളെ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്നാണ്​ തീവ്രവാദികൾ തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്​തത്​ എന്ന്​ അധികൃതർ അറിയിച്ചു.

തീവ്രവാദികളുടെ കുടുംബാംഗങ്ങളെ അറസ്​റ്റ്​ ചെയ്​തതിനെ തുടർന്ന്​​ കഴിഞ്ഞ ദിവസം ദക്ഷിണ കശ്​മീരിലെ വിവിധയിടങ്ങളിൽ പ്രതിഷേധം അരങ്ങേറിയിരുന്നു. ഷോപിയാനിൽ രണ്ട്​ തീവ്രവാദികളുടെ വീടുകൾ കത്തിക്കുകയും ചെയ്​തിരുന്നു. എന്നാൽ വീട്​ കത്തിച്ചത്​ സുരക്ഷാ ഉദ്യോഗസ്​ഥരാണെന്ന്​ ഗ്രാമവാസികൾ ആരോപിച്ചു. ഷോപിയാനിൽ ബുധനാഴ്​ച തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാലു പൊലീസുകാർ കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ സുരക്ഷാ ഉദ്യോഗസ്​ഥർ വീടുകൾക്ക്​ തീവെച്ചതെന്നും ഗ്രമീണർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസം പൊലീസുദ്യോഗസ്​ഥ​​ന്റെ മകനെയും തട്ടിക്കൊണ്ടുപോയിരുന്നു. കുട്ടിയുടെ കുടുംബം അവനെ വിട്ടു നൽകണമെന്ന്​ തട്ടിക്കൊണ്ടുപോയവരോട്​ ആവശ്യപ്പെട്ടിരുന്നു. പൊലീസുകാരുടെ കുടുംബാംഗങ്ങളെ സുരക്ഷിതരായി രക്ഷിക്കാൻ വേണ്ട നടപടികൾക്കുള്ള പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന്​ മുതിർന്ന ഉദ്യോഗസ്​ഥർ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.