ചെങ്ങന്നൂർ;കേരളത്തെ നടുക്കിയ പ്രളയത്തില്‍ ഒട്ടേറെ പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് . ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ നേരില്‍ കണ്ട് ആശ്വാസിപ്പിക്കാനും പരാതികൾ കേൾക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടെത്തി.ഹെലികോപ്റ്ററിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ മുഖ്യമന്ത്രി കാർ ഉപേക്ഷിച്ച് കാൽനടയായാണ് ദുരിതബാധിതരുടെ അടുത്തേക്കുപോയത്. ചെങ്ങന്നൂരിലെ സന്ദർശനത്തിനു ശേഷം മുഖ്യമന്ത്രി കോഴഞ്ചേരിയിലേക്കു പോയി. മന്ത്രി ഇ.ചന്ദ്രശേഖരൻ, സജി ചെറിയാൻ എംഎൽഎ, കലക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.
മൂന്ന് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളാണു മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നത്. കോഴഞ്ചേരിയിൽനിന്ന് ആലപ്പുഴ ജില്ലയിലെ ക്യാമ്പുകളിലേക്കാണു പോവുക. തുടർന്ന് എറണാകുളം നോര്‍ത്ത് പറവൂരിലെ ക്യാമ്പുകൾ സന്ദര്‍ശിക്കും.