ഇന്ത്യയുടെ ഊര്‍ജ്ജം യുഎഇക്കും പകര്‍ന്നു നല്‍കി ഡോ.കലാം

അബുദാബി: പാരമ്പര്യേതര ഊര്‍ജമേഖലയില്‍ യുഎഇ കൊയ്‌തെടുത്ത മികവുറ്റ നേട്ടങ്ങളില്‍ എല്ലായ്‌പ്പോഴും വഴികാട്ടിയായി ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ എ.പി.ജെ. അബ്ദുല്‍ കലാമുണ്ടായിരുന്നു. രാഷ്ട്രപതിയായതിനുശേഷം നടത്തിയ ആദ്യ വിദേശപര്യടനത്തിനിടെ യുഎഇയിലെത്തിയ അബ്ദുല്‍ കലാം അന്നു നടത്തിയ പ്രസംഗം പിന്നീട് ആ രാജ്യത്തിന്റെ സാങ്കേതിക വളര്‍ച്ചയോടു ചേര്‍ന്നു വായിക്കാവുന്നതായി മാറി. തികച്ചും പ്രവചനസ്വഭാവത്തോടു കൂടിയതായിരുന്നു അദ്ദേഹത്തിന്റെ അന്നത്തെ വാക്കുകള്‍. 2003 ഒക്ടോബറില്‍ പര്യടനത്തിനായി അബുദാബിയിലെത്തിയ കലാം ആചാരപരമായ വരവേല്‍പ്പിനു നില്‍ക്കാതെ വിമാനത്താവളത്തില്‍ നിന്നു നേരെ പോയതു കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റിലേക്കായിരുന്നു. അന്ന് ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച ചടങ്ങില്‍ കടല്‍വെള്ള സംസ്‌കരണത്തില്‍ യുഎഇ ശ്രദ്ധയൂന്നേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം സൂചിപ്പിച്ചിരുന്നു. കടല്‍വെള്ള ശുദ്ധീകരണത്തിലൂടെ മരുഭൂമിയെ ഇനിയും ഹരിതാഭമാക്കാനും അതുവഴി യുഎഇയുടെ കാര്‍ഷികസമൃദ്ധിക്കും സാധ്യതയുണ്ടെന്നും കലാം അഭിപ്രായപ്പെട്ടു. സൗരോര്‍ജത്തിലൂടെ ലഭ്യമാകുന്ന ഊര്‍ജം കടല്‍വെള്ള ശുദ്ധീകരണത്തിന് ഉപയോഗപ്പെടുത്താമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചു. സൗരോര്‍ജ സാങ്കേതികതയില്‍ ഇന്ത്യയുമായി യുഎഇയുടെ സഹകരണവും ഉറപ്പുവരുത്തിയായിരുന്നു അദ്ദേഹം അന്നു മടങ്ങിയത്. പിന്നീട് ഊര്‍ജസംരക്ഷണവുമായി ബന്ധപ്പെട്ടു യുഎഇ സര്‍ക്കാര്‍ സംഘടിപ്പിച്ച പല പരിപാടികളിലും അദ്ദേഹം അതിഥിയായെത്തി.

2011ല്‍ ദുബായ് സുപ്രീം എനര്‍ജി കൗണ്‍സില്‍ നടത്തിയ ഗ്ലോബല്‍ എനര്‍ജി ഫോറത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിശിഷ്ടാതിഥികളില്‍ ഒരാള്‍ കലാം ആയിരുന്നു. കലാം ആദ്യമായി യുഎഇയിലെത്തി 12 വര്‍ഷത്തിനുശേഷം ഇന്ന് പാരമ്പര്യേതര ഊര്‍ജോല്‍പാദന രംഗത്തെ നിര്‍ണായക ശക്തിയായി യുഎഇ മാറിയപ്പോള്‍ അതിനു പിന്നില്‍ അദ്ദേഹത്തിന്റെ വാക്കുകളുടെ വെളിച്ചം കൂടിയുള്ളതില്‍ ഇന്ത്യയ്ക്ക് അഭിമാനിക്കാം. നൂതന സൗരോര്‍ജ സാങ്കേതിക വിദ്യയ്ക്കും കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള പദ്ധതികള്‍ക്കുമെല്ലാം യുഎസ് ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ന് ആശ്രയിക്കുന്നത് യുഎഇയെയാണ്. കാറ്റില്‍നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള വന്‍സംരംഭവും യുഎഇ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. കലാം നിര്‍ദേശിച്ചതുപോലെത്തന്നെ കടല്‍വെള്ളം ശുദ്ധീകരിക്കാന്‍ ഇന്ന് രാജ്യമെമ്പാടും സൗരോര്‍ജം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സൂര്യപ്രകാശം, വെള്ളം, കാറ്റ്, തിരമാല, ജൈവ അവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നു വലിയതോതില്‍ ഊര്‍ജം ഉല്‍പാദിപ്പിക്കാനുമുള്ള ശ്രമങ്ങളിലാണു യുഎഇ. എണ്ണയില്‍ അധിഷ്ഠിതമായ സമ്പദ്‌വ്യവസ്ഥയില്‍നിന്നു വിദ്യാഭ്യാസാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയിലേക്കു മാറാന്‍ യുഎഇക്ക് കഴിയുമെന്നും കലാം തന്റെ അബുദാബി സന്ദര്‍ശന വേളയിലെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. വിവരസാങ്കേതിക, വാര്‍ത്താവിനിമയ, ബയോടെക്‌നോളജി മേഖലകളില്‍ യുഎഇക്ക് സഹായം നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും അന്ന് അദ്ദേഹം പ്രകടിപ്പിച്ചു. ഇന്ന് എണ്ണയിതര വൈവിധ്യവല്‍കരണ പദ്ധതികളില്‍ ശ്രദ്ധയൂന്നിയിരിക്കുകയാണ് രാജ്യം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിലേക്കു ശ്രദ്ധയൂന്നിയിരിക്കുകയാണു രാജ്യം. ടൂറിസത്തിലും ശാസ്ത്ര മേഖലയിലും ബഹിരാകാശ ഗവേഷണത്തിലും വരെ ഏറെ ശ്രദ്ധ കൊടുത്ത് മികവുറ്റ സമ്പദ്‌വ്യവസ്ഥ നിലനിര്‍ത്താനാണ് യുഎഇയുടെ ഇന്നത്തെ ശ്രമം. ഇതിനെല്ലാം വെളിച്ചം പകര്‍ന്ന് വഴികാട്ടിയായി നിന്ന വ്യക്തിത്വമാണ് ഇന്നലെ യാത്ര പറഞ്ഞു പോയത്.

© 2024 Live Kerala News. All Rights Reserved.