ഡോ. കലാം ഇന്ത്യയ്ക്ക് മാത്രമല്ല അയല്‍ രാജ്യങ്ങള്‍ക്കും പ്രിയ്യപ്പെട്ടവന്‍

ദുബായ്:’ഇന്ത്യയുടെ മുന്‍ രാഷ്ട്രപതിയും ശ്രേഷ്ഠവ്യക്തിയുമായ അബ്ദുല്‍ കലാമിന്റെ നിര്യാണത്തില്‍ അഘാധ ദുഃഖം രേഖപ്പെടുത്തുന്നു. ശാസ്ത്രജ്ഞനും ജനങ്ങളുടെ രാഷ്ട്രപതിയുമായിരുന്നു അദ്ദേഹം. ഇന്ത്യയ്ക്കു മാത്രമല്ല, ഉപഭൂഖണ്ഡത്തിനും എല്ലാ മനുഷ്യര്‍ക്കുതന്നെയും അദ്ദേഹം പകര്‍ന്ന അപാരനന്മകളെയും ദീര്‍ഘവീക്ഷണത്തെയും കുറിച്ചു ബംഗ്ലദേശില്‍ എല്ലാവരും സംസാരിക്കുന്നു. നമുക്കെല്ലാവര്‍ക്കും ഇത് വലിയ നഷ്ടമാണ്. എന്നാല്‍ അദ്ദേഹം നല്‍കിയ പാഠങ്ങള്‍ എന്നും ജീവിക്കും. യുഎഇയില്‍ ജീവിക്കുന്ന എല്ലാ ബംഗ്ലദേശി പ്രവാസികളുടെയും പേരില്‍ നിത്യശാന്തിക്കുവേണ്ടിയുള്ള പ്രാര്‍ഥനയില്‍ ഞാനും പങ്കുചേരുന്നു…’ മസുദൂര്‍ റഹ്മാന്‍, കോണ്‍സല്‍ ജനറല്‍, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ബംഗ്ലദേശ്. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഫോട്ടോയ്ക്കു സമീപം റോസാദളങ്ങള്‍ക്കൊപ്പം തുറന്നുവച്ച അനുശോചനപ്പുസ്തകത്തിലാണു ബംഗ്ലദേശ് കോണ്‍സല്‍ ജനറല്‍ ഇങ്ങനെ എഴുതിയത്. കലാമിനോടുള്ള രാജ്യാന്തര സമൂഹത്തിന്റെ പ്രണാമമാണു പുസ്തകത്താളുകളില്‍ നിറയുന്നത്. ‘വിഖ്യാത ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഭരണകര്‍ത്താവ്. രാജ്യത്തിന്റെ സാമൂഹിക– സാമ്പത്തിക വികസനത്തില്‍ അനശ്വര മുദ്ര പതിപ്പിച്ചാണ് അദ്ദേഹം കടന്നുപോയത്…..’ –പാക്കിസ്ഥാന്‍ പ്രതിനിധി എഴുതി. യുഎസ്, നെതര്‍ലന്‍ഡ്‌സ്, ദക്ഷിണാഫ്രിക്ക, ഖത്തര്‍, ഈജിപ്ത്, കൊറിയ, അല്‍ജീറിയ, കെനിയ തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളും പൊതുജനങ്ങളും സന്ദേശങ്ങള്‍ എഴുതിച്ചേര്‍ത്തു. ഇന്നും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ അനുശോചന സന്ദേശമെഴുതാന്‍ സൗകര്യം ലഭ്യമായിരിക്കും.

© 2024 Live Kerala News. All Rights Reserved.