കുണ്ടറ പീഡനം; ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് സംശയം;പെണ്‍കുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കള്‍; ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

കൊല്ലം:കുണ്ടറയില്‍ പീഡനത്തിനിരയായി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന് സംശയം.ആത്മഹത്യാ കുറിപ്പിലെ കൈപ്പട പെണ്‍കുട്ടിയുടെ അല്ലെന്ന് മാതാപിതാക്കള്‍ പറയുന്നു. സംശയത്തെ തുടര്‍ന്ന് കുറിപ്പ് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.ഇക്കഴിഞ്ഞ ജനുവരി15നാണ് പത്തുവയസ്സുകാരി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടിയെ വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കാലുകള്‍ തറയില്‍ മുട്ടിനില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.അച്ഛനും അമ്മയും തമ്മിലുള്ള കുടുംബ പ്രശ്‌നത്തിലാണ് തൂങ്ങിമരിക്കുന്നത് എന്ന രീതിയിലായിരുന്നു ആത്മഹത്യാ കുറിപ്പ്. മരിക്കുന്നതില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കുന്ന കുറിപ്പ് പഴയ ലിപിയിലാണ് എഴുതിയിരുന്നത്. തീയതിയും ഒപ്പും സഹിതമായിരുന്നു കുറിപ്പ്.പത്തുവയസ്സുകാരി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായത്. നിരന്തരം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്.കുട്ടിയെ പിതാവ് പീഡിപ്പിച്ചെന്ന കേസ് പുനരന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. പിതാവിനെ വ്യാജമായി പ്രതി ചേര്‍ത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബാഹ്യസമ്മര്‍ദ്ദമാണ് പിതാവിനെതിരെ കോടതിയില്‍ മൊഴി നല്‍കാന്‍ കുട്ടിയെ പ്രേരിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. മൂത്ത കുട്ടിയെ വീണ്ടും കൗണ്‍സിലിങ്ങിന് വിധേയമാക്കാനും തീരുമാനിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കുട്ടി മരിച്ച് ഏഴാമത്തെ ദിവസം തന്നെ കുണ്ടറ സിഐ അടക്കമുള്ളവര്‍ക്ക് കൈമാറിയെങ്കിലും പ്രതികളെ പിടിച്ചില്ലെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ വീട്ടുകാര്‍ സഹകരിക്കാത്തത് കൊണ്ടാണ് കേസുമായി മുന്നോട്ടു പോകാന്‍ കഴിയാത്തതെന്നായിരുന്നു പൊലീസിന്റെ മറുപടി. പൊലീസിനെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ കേസന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയ കുണ്ടറ സിഐ ആര്‍ സാബുവിനെ സസ്‌പെന്‍ഡ് ചെയ്തു.കേസില്‍ കുട്ടിയുടെ ബന്ധുവടക്കം മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.