യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ഇന്നറിയാം; ബിജെപി പാര്‍ലമെന്ററി പാര്‍ട്ടിയോഗം ഇന്ന്

ന്യൂഡല്‍ഹി: ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ചേരും. വൈകുന്നേരം ആറ് മണിക്ക് ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്താണ് യോഗം.
യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ഇന്ന് തീരുമാനിക്കും.കീഴ്‌വഴക്കമനുസരിച്ചു നിയമസഭാകക്ഷി യോഗത്തിനു ശേഷമാകും പ്രഖ്യാപനമെങ്കിലും കേന്ദ്രനേതൃത്വം ശുപാര്‍ശ ചെയ്യേണ്ടതാരെയെന്ന് ഇന്നു തീരുമാനിക്കും. നിയമസഭാകക്ഷി നേതൃയോഗത്തില്‍ പങ്കെടുക്കാനുള്ള കേന്ദ്ര നിരീക്ഷകര്‍ പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന്റെ ശുപാര്‍ശ യോഗത്തില്‍ വെളിപ്പെടുത്തും. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്‍കൂറായി പ്രഖ്യാപിക്കാതെയാണ് ഇരുസംസ്ഥാനങ്ങളിലും ബിജെപി മത്സരിച്ചത്.യുപിയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്കു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ, ദേശീയ ഉപാധ്യക്ഷനും ലക്‌നൗ മേയറുമായ ദിനേശ് ശര്‍മ എന്നിവരുടെ പേരുകള്‍ക്കാണു മുന്‍തൂക്കം ലഭിച്ചിട്ടുള്ളത്. മുഖ്യമന്ത്രി ഏതു ജാതിയില്‍നിന്നാകണമെന്ന കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാകും. സമാജ്‌വാദി പാര്‍ട്ടിയുടെ പിന്നാക്ക അടിത്തറ തകര്‍ത്ത യുപിയില്‍ പിന്നാക്ക മുഖ്യമന്ത്രി വേണമെന്നു തീരുമാനിച്ചാല്‍ കേശവ് പ്രസാദ് മൗര്യയ്ക്കു നറുക്കുവീഴും.സവര്‍ണ വോട്ടു ബാങ്കിനെ തൃപ്തിപ്പെടുത്താനാണെങ്കില്‍ ദിനേശ് ശര്‍മയ്ക്കാകും മുന്‍ഗണന. കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, മനോജ് സിന്‍ഹ, മഹേഷ് ശര്‍മ, ബിജെപി ദേശീയ സെക്രട്ടറിമാരായ സിദ്ധാര്‍ഥ് നാഥ് സിങ്, ശ്രീകാന്ത് ശര്‍മ, സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി സുനില്‍ ബന്‍സല്‍ എന്നിവരുടെ പേരുകളും അഭ്യൂഹങ്ങളായി പ്രചരിക്കുന്നുണ്ട്. ഉത്തരാഖണ്ഡില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് റാണിഖേത് മണ്ഡലത്തില്‍ പരാജയപ്പെട്ടതോടെ സത്പാല്‍ മഹാരാജ്, ത്രിവേന്ദ്ര സിങ് റാവത്ത് എന്നിവരുടെ പേരുകള്‍ക്കാണു മുഖ്യമന്ത്രിസ്ഥാനത്തേക്കു മുന്‍തൂക്കം.

© 2024 Live Kerala News. All Rights Reserved.