യുപിയിലും ഉത്തരാഖണ്ഡിലും ഭരണം ഉറപ്പിച്ച് ബിജെപി; പഞ്ചാബില്‍ അധികാരമുറപ്പിച്ച് കോണ്‍ഗ്രസ്; ഗോവയിലും മണിപ്പൂരിലും മാറിമറിഞ്ഞ് ഫലം

ലക്‌നൗ: അഞ്ച് പ്രമുഖ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വമ്പന്‍ മേല്‍ക്കോയ്മ. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ 75 ശതമാനവും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ പഞ്ചാബ് ഒഴികെ രണ്ടിടത്തും ബിജെപി ഭരണം ഉറപ്പിച്ചു.പഞ്ചാബിലാണ് കോണ്‍ഗ്രസ് ഭരണം ഉറപ്പിച്ചിരിക്കുന്നത്. മണിപ്പൂരിലും ഗോവയിലുമാണ് ഫലം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെയുള്ളവര്‍ കളത്തിലിറങ്ങിയ ഉത്തര്‍പ്രദേശില്‍ ബിജെപി താമരതരംഗം തന്നെ തീര്‍ത്തു. ആകെയുള്ള 403 സീറ്റുകളിലും വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ ബിജെപി കൂറ്റന്‍ വിജയവുമായി ട്രിപ്പിള്‍ സെഞ്ച്വറി നേടി. 308 ഇടങ്ങളില്‍ ലീഡ് നിലനിര്‍ത്തി ബിജെപി ആഘോഷിക്കുമ്പോള്‍ മറുവശത്ത് കോണ്‍ഗ്രസിനെ കൂട്ടു പിടിച്ച സമാജ്‌വാദി പാര്‍ട്ടിക്ക് 65 സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായിരിക്കുന്നത്. യുപിയിലെ മറ്റൊരു വമ്പന്മാരായ ബിഎസ്പി കേവലം 22 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോള്‍ മറ്റുള്ളവര്‍ ഇവരുടെ നേര്‍ പകുതി ഇടങ്ങളിലും ലീഡ് നേടുകയാണ്. ഉത്തര്‍പ്രദേശിന്റെ വിധിയിലൂടെയാണ് ഉത്തരാഖണ്ഡും നീങ്ങുന്നത് കോണ്‍ഗ്രസിനെ നിലംപരിശാക്കിയ ബിജെപി ആകെയുള്ള 70 സീറ്റുകളില്‍ 52 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസിന് 16 സീറ്റുകളില്‍ മാത്രമേ ലീഡ് നേടാനായുള്ളൂ. മറ്റുള്ളവര്‍ക്ക് രണ്ടു സീറ്റുകളില്‍ മാത്രമാണ് ലീഡ് നേടാനായിരിക്കുന്നത്. പക്ഷേ പഞ്ചാബിലൂടെ വന്‍ തിരിച്ചുവരവാണ് കോണ്‍ഗ്രസ് നടത്തിയിരിക്കുന്നത്. പഞ്ചാബില്‍ ശക്തമായി തിരിച്ചു വന്ന കോണ്‍ഗ്രസ് 117 സീറ്റുകളില്‍ 73 ലും ലീഡ് നേടുകയാണ്. ഒരിടവേളയ്ക്ക് ശേഷമാണ് ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പഞ്ചാബില്‍ ഭരണം തിരിച്ചു പിടിക്കുന്നത്.യുപിയില്‍ എസ്പിയ്ക്ക് സംഭവിച്ച വിധി പഞ്ചാബില്‍ അകാലി ദളിനാണ് സംഭവിച്ചത്. ബിജെപിയ്‌ക്കൊപ്പം മത്സര രംഗത്തുള്ള അവര്‍ക്ക് 19 സീറ്റുകളിലേക്ക് ഇറങ്ങേണ്ടി വന്നപ്പോള്‍ ആംആദ്മി പാര്‍ട്ടി നേട്ടമുണ്ടാക്കുകയാണ്. 23 സീറ്റുകളില്‍ ലീഡുള്ള അവര്‍ അകാലിദളിനെ മറികടന്ന് പ്രതിപക്ഷമാകുമെന്നാണ് സൂചന. മണിപ്പൂരില്‍ 16 സീറ്റില്‍ ബിജെപി മുന്നിലാണ്. കോണ്‍ഗ്രസ് 12 സീറ്റിലും എന്‍പിഎഫ് 2 സീറ്റിലും മറ്റുള്ളവര്‍ 4 സീറ്റിലും മുന്നിലാണ്. അതേ സമയം മണിപ്പൂരില്‍സമര നായിക ഇറോം ഷര്‍മ്മിള പരാജയപ്പെട്ടു. ഇറോമിന് ആകെ 51 വോട്ട് മാത്രമാണ് ലഭിച്ചത്.

© 2024 Live Kerala News. All Rights Reserved.