മുഖ്യമന്ത്രിയുടെ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യം; സഭയിൽ പ്രതിപക്ഷ ബഹളം; ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ‘വാടക’ പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും സഭയില്‍ പ്രതിപക്ഷ ബഹളം. കൊച്ചി മറൈന്‍ ഡ്രൈവില്‍ സദാചാര ഗുണ്ടായിസം കാട്ടിയ ശിവസേനക്കാരെ പ്രതിപക്ഷം വാടകയ്‌ക്കെടുത്തതാണോ എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. മുഖ്യമന്ത്രിയുടെ പരാമര്‍ശം പദവിക്കു നിരക്കാത്തതാണെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍, നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ ചോദ്യോത്തരവേള തടസ്സപ്പെട്ടു. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. .ചോദ്യോത്തരവേള ആരംഭിച്ചത് മുതല്‍ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ പ്രതിഷേധം തുടങ്ങി.പ്രതിപക്ഷത്തിന്റെ അഭിമാനം ക്ഷതപ്പെടുത്തിയ പരാമര്‍ശമാണ് മുഖ്യമന്ത്രി നടത്തിയത്. അത് പിന്‍വലിക്കണം.സഭയില്‍ സ്പീക്കര്‍ പക്ഷപാതപരമായാണ് പെരുമാറിയതെന്ന് പുറത്ത് മാധ്യങ്ങളെ കണ്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടയാളാണ് സ്പീക്കര്‍. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തില്‍നിന്ന് അതുണ്ടായില്ല. കഴിഞ്ഞ ദിവസം താന്‍ നടത്തിയ പരാമര്‍ശം ആരും ആവശ്യപ്പെടാതെ തന്നെ രേഖകളില്‍നിന്ന് നീക്കിയ സ്പീക്കര്‍, പ്രതിപക്ഷം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയുടെ പരാമര്‍ശം നീക്കാന്‍ തയാറായില്ലെന്നും ചെന്നിത്തല ആരോപിച്ചു.മുഖ്യമന്ത്രി സഭയുടെ നടുത്തളത്തില്‍ ഇറങ്ങിയതിനെതിരെ സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കടുത്ത വിമര്‍ശനം ഉന്നയിച്ചു. ഇതുവരെ ഒരു മുഖ്യമന്ത്രിയും ചെയ്യാത്ത കാര്യമാണ് പിണറായി വിജയന്‍ ചെയ്തതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സഭാ നേതാവാണ് മുഖ്യമന്ത്രി. സഭയിലെ അംഗങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടയാള്‍. എന്നിട്ടും നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങളോട് കയര്‍ക്കുകയാണ് അദ്ദേഹം ചെയ്തതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാല്‍, സഭയില്‍ നടപടിക്രമങ്ങള്‍ നടക്കുമ്പോഴല്ല താന്‍ നടുത്തളത്തിലിറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് പച്ചക്കള്ളമാണ് പറയുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രി നടുത്തളത്തില്‍ ഇറങ്ങിയത് സഭാ നടപടികള്‍ ഇല്ലാത്ത ഘട്ടത്തിലാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. എന്നാല്‍ ഈ മറുപടിയിലും പ്രതിപക്ഷം തൃപ്തരായില്ല.

© 2024 Live Kerala News. All Rights Reserved.