മംഗളൂരു: സംഘപരിവാര്‍ ഭീഷണിക്കിടെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവിലെത്തി.രാവിലെ 10.30ന് മലബാര്‍ എക്‌സ്പ്രസില്‍ മംഗളൂരു റെയില്‍വേ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രിക്ക് ആവേശോജ്വല സ്വീകരണമാണ് മംഗളൂരുവിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. മംഗളൂരുവിലെത്തിയ പിണറായിക്ക് കനത്ത സുരക്ഷയാണ് മംഗളൂരു സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയഗം പി. കരുണാകരന്‍ എം.പിയും പിണറായിക്കൊപ്പമുണ്ടായിരുന്നു. സംഘപരിവാര്‍ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ കര്‍ണ്ണാടക പൊലീസ് നിരോധാനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.ഇന്നു രാവിലെ ആറു മുതല്‍ ഞായര്‍ വൈകീട്ട് ആറു വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയെ നിരോധനാജ്ഞയുടെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.നേരത്തെ പിണറായിയെ മംഗളൂരുവില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു സംഘപരിവാര്‍ സംഘടനകള്‍ പ്രഖ്യാപിച്ചത്.ഇന്നു ഉച്ചയ്ക്ക് 2.30ന് ജ്യോതി സര്‍ക്കിളില്‍ നിന്നാണ് സി.പി.ഐ.എം ദക്ഷിണ കന്നട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ്ദ റാലി തുടങ്ങുന്നത്. നെഹ്‌റു മൈതാനിയിലാണ് റാലിയുടെ സമാപനവും സമ്മേളനം നടക്കുക.കേരളത്തില്‍ നിരപരാധികളെ കൊന്നൊടുക്കുന്ന പാര്‍ട്ടിയുടെ മുഖ്യമന്ത്രിയാണ് പിണറായിയെന്ന് വി.എച്ച്.പി നേതാവ് പ്രൊഫ. എം.ബി പുരാണിക് കഴിഞ്ഞദിവസം പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പിണറായി പ്രസംഗിക്കുന്നത് മേഖലയിലെ ശാന്തിയും സമാധാനവും കെടുത്തുമെന്നും അത് തടയണമെന്നുമായിരുന്നു വി.എച്ച്.പി നേതാവ് പറഞ്ഞിരുന്നത്.