ജിയോ വെല്‍ക്കം ഓഫര്‍ 2018 മാര്‍ച്ച് 31വരെ നീട്ടി;പ്രതിമാസം 303 രൂപയ്ക്ക് അൺലിമിറ്റ‍ഡ് സേവനങ്ങൾ

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ അൺലിമിറ്റഡ് ന്യൂഇയർ ഓഫര്‍ ഒരു വർഷത്തേക്കു നീട്ടി. 2017 മാർച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന ഓഫറാണ് 2018 മാര്‍ച്ച് 31 വരെ നീട്ടിയത്.  ഇതിനായി മാര്‍ച്ചിനു ശേഷം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഈ മാര്‍ച്ച് 31ന് സൗജന്യ സേവനം അവസാനിക്കുന്നതോടെ 99 രൂപ മുടക്കിയാല്‍ പ്രൈം മെമ്പറാകാം.പ്രതിമാസം 303 രൂപ നല്‍കിയാല്‍ ന്യൂ ഇയര്‍ ഓഫര്‍ പ്രകാരമുള്ള ഇന്റര്‍നെറ്റ് സേവനം ലഭ്യമാകും.2018 മാര്‍ച്ച് 31 വരെ ഫോണ്‍വിളിയും റോമിംഗും സൗജന്യമായി തുടരുമെന്നും മുംബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ മുകേഷ് അംബാനി വ്യക്തമാക്കി. 303 രൂപയ്ക്ക് പ്രതിമാസം 30 ജിബി ഡേറ്റ ലഭിക്കണമെങ്കില്‍ യൂസര്‍മാര്‍ ആദ്യം ജിയോ പ്രൈം മെമ്പര്‍ഷിപ്പ് സബ്‌സ്‌ക്രൈബ് ചെയ്യണം. മാര്‍ച്ച് ഒന്ന് മുതല്‍ 31 വരെയാണ് ഇതിനുള്ള സമയപരിധി. 2017 ഓടെ ഇന്ത്യന്‍ ജനസംഖ്യയുടെ 99 ശതമാനവും ജിയോ മറികടക്കും. കേവലം 170 ദിവസങ്ങള്‍ കൊണ്ട് 100 മില്യണ്‍ ഉപഭോക്താക്കളെന്ന ചരിത്രനേട്ടം റിലയന്‍സ് ജിയോ പിന്നിട്ടതായി മുകേഷ് അംബാനി അറിയിച്ചു. ജിയോയെ വിശ്വസിക്കുന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ലോകത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നിലവില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ജിയോ ഉപയോഗിച്ചു മാത്രം മൊബൈലിലൂടെ പ്രതിദിനം വിഡിയോ കാണുന്ന സമയം 5.5 കോടി മണിക്കൂറാണ്. ഒരോ സെക്കന്റിലും ഏഴു പുതിയ ഉപഭോക്താക്കള്‍ റിലയന്‍സ് ജിയോയിലേക്കു വരുന്നു എന്നും മുകേഷ് അംബാനി ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.