മുംബൈ: മാര്‍ച്ച് 31ന് അവസാനിക്കുന്ന ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് ശേഷവും റിലയന്‍സ് ജിയോ സൗജന്യ സേവനം തുടരുമെന്ന് സൂചന. മാര്‍ച്ച് 31ന് ശേഷം മൂന്ന് മാസത്തേക്ക് കൂടിയാവും ഇത്തരത്തില്‍ ജിയോയുടെ സേവനം ലഭിക്കുക. ചെറിയ നിരക്ക് ഈടാക്കിയാകും സൗജന്യം അനുവദിക്കുക. മാര്‍ച്ച് 31നുശേഷം ജൂണ്‍ 30വരെയ്ക്ക് പുതിയ താരിഫുകള്‍ അവതരിപ്പിക്കാനാണ് ജിയോ അധികൃതരുടെ പദ്ധതി. പുതിയ ഓഫര്‍ പ്രകാരം വോയ്‌സ് കോളുകള്‍ പൂര്‍ണ സൗജന്യമായിരിക്കും. എന്നാല്‍ ഡാറ്റ സേവനത്തിനായി 100 രൂപ അധികമായി നല്‍കേണ്ടി വരും. പുതിയ വാര്‍ത്തയെ കുറിച്ച് ഇതുവരെയായിട്ടും റിലയന്‍സ് പ്രതികരിക്കാന്‍ തയാറിയിട്ടില്ല.സൗജ്യന്യം കഴിയുമ്പോള്‍ ജിയോയുടെ സേവനം ഉപേക്ഷിക്കാതിരിക്കാനാണ് ചെറിയ നിരക്ക് മാത്രം ഈടാക്കാന്‍ കമ്പനി തീരുമാനിച്ചിരിക്കുന്നത്. സെപ്തംബര്‍ 5നായിരുന്നു ജിയോ ഇന്ത്യയില്‍ സേവനം ആരംഭിച്ചത്. നാല് മാസത്തിനകം 72 മില്യണ്‍ ഉപഭോക്തകളുമായി ജിയോ ഇന്ത്യന്‍ ടെലികോം രംഗത്ത് ചരിത്രം കുറിച്ചിരുന്നു. ജിയോയുടെ ഓഫറുകള്‍ മൂലം രാജ്യത്തെ മുന്‍ നിര ടെലികോം സേവനദാതാക്കളായ ഐഡിയ, എയര്‍ടെല്‍, വോഡഫോണ്‍ എന്നിവര്‍ക്കെല്ലാം നിരക്ക് കുറക്കേണ്ടി വന്നിരുന്നു.