ലോ അക്കാദമിയുടെ പ്രധാന കവാടം മാനേജ്‌മെന്റ് പൊളിച്ചുനീക്കി;സര്‍ക്കാര്‍ സ്വീകരിച്ച നടപടി അഭിനന്ദനാര്‍ഹമാണെന്ന് ബിജെപി

തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി കോളേജിന്റെ പ്രധാന കവാടം പൊളിച്ചുനീക്കി. ലോ അക്കാദമി മാനെജ്‌മെന്റ് തന്നെയാണ് പൊളിച്ചുനീക്കിയത്. അനധികൃതമായി നിര്‍മിച്ച കവാടം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് അക്കാദമി അധികൃതര്‍ക്ക് റവന്യൂ വകുപ്പിന്റെ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണിത്.പുറമ്പോക്ക് ഭൂമിയിലാണ് അക്കാദമിയുടെ പ്രധാന കവാടമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച് കുര്യന്റെ റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം അനുസരിച്ചാണ് നടപടി. 24 മണിക്കൂറിനകം ഗേറ്റ് പൊളിച്ചുനീക്കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാനെജ്‌മെന്റ് നടപടി. ജലവകുപ്പ് അതോറിറ്റിയുടെ ഭൂമിയിലുള്ള അക്കാദമിയുടെ പ്രധാന കവാടം പൊളിച്ച് നീക്കാനാണ് റവന്യൂ വകുപ്പ് സെക്രട്ടറി നോട്ടീസ് നല്‍കിയത്. ഗേറ്റ് പൊളിച്ചുമാറ്റിയതോടെ ലോ അക്കാദമിക്കെതിരെയുളള സര്‍ക്കാരിന്റെയും പിണറായി വിജയന്റെയും സമീപനങ്ങളെ അഭിനന്ദിക്കാന്‍ ബിജെപിയും തയ്യാറായി. സംസ്ഥാന സെക്രട്ടറി വി.വി രാജേഷാണ് മുഖ്യമന്ത്രി പിണറായിയുടെയും സര്‍ക്കാരിന്റെയും ഈ വിഷയത്തിലെ സമീപനം അഭിനന്ദനാര്‍ഹമാണെന്ന് പറഞ്ഞത്.ക്യാംപസിനകത്ത് സ്ഥിതി ചെയ്യുന്ന ഹോട്ടല്‍, ബാങ്ക് എന്നീ സ്ഥാപനങ്ങളെക്കുറിച്ച് വിശദീകരണം നല്‍കാനും റവന്യുവകുപ്പ് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു.ലോ അക്കാദമിയില്‍ ഉപയോഗിക്കാതെ കിടക്കുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ച് പിടിക്കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാന റവന്യു സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. കെഎല്‍എ ആക്റ്റിലെ റൂള്‍ 8(3) പ്രകാരം ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു നിര്‍ദേശം

© 2024 Live Kerala News. All Rights Reserved.