ലോ അക്കാദമി സമരം 27 ാംദിവസത്തിലേക്ക്; ഇന്ന് നിര്‍ണായക സിന്‍ഡിക്കേറ്റ് യോഗം ചേരും

തിരുവനന്തപുരം: ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ടു നിർണായകമായ  സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ഇന്ന് നടക്കും. സര്‍വകലാശാലയുടെ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ അക്കാദമിയുടെ അഫിലിയേഷന്‍ തുടരണോ വേണ്ടയോ എന്ന് കാര്യത്തില്‍ തീരുമാനമെടുക്കാനാണ് പ്രധാനമായും സിന്‍ഡിക്കേറ്റ് ചേരുന്നത്.ഇന്ന് കഌസ്സുകള്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഉണ്ടായേക്കാവുന്ന സംഘര്‍ഷം കണക്കിലെടുത്താണ് തീരുമാനം നീക്കി വെച്ചിരിക്കുന്നത്. സമരം 27 ാം ദിവസത്തിലേക്ക് കടന്നതോടെ പ്രശ്‌ന പരിഹാരത്തിനുള്ള വഴിതേടി വിഷമിക്കുകയാണ് സര്‍ക്കാരും അക്കാദമിയും. സിന്‍ഡിക്കേറ്റ് യോഗത്തിന് മുമ്പ് ഇന്ന് കെപിസിസിയില്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗവും ചേരുന്നുണ്ട്.ലോ അക്കാദമിയുടെ ഭൂമി ഉപയോഗവുമായി ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ടെന്നും ഹോട്ടലും ബാങ്കും അക്കാദമി ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഡപ്യൂട്ടി കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്.കുര്യന്റെ നേതൃത്വത്തിലുള്ള പരിശോധന ഇന്നോ നാളെയോ നടക്കും. അക്കാദമി ഭൂമിയുടെ സ്‌കെച്ച് കൂടി ലഭ്യമാക്കാന്‍ അദ്ദേഹം കലക്ടര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചട്ടം ലംഘിച്ചതായി തെളിഞ്ഞാല്‍, ഭൂമി സര്‍ക്കാരിനു നഷ്ടപരിഹാരം നല്‍കാതെ തിരിച്ചെടുക്കാമെന്നാണു ഭൂമി പതിച്ചുനല്‍കിയ കരാറിലെ വ്യവസ്ഥ. അധികഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.്. പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എയും ബിജെപി നേതാവ് വി.വി. രാജേഷിന്റെയും ഉപവാസ സമരം തുടരുകയും ചെയ്യുന്നു.

© 2024 Live Kerala News. All Rights Reserved.