ലോ അക്കാദമി സമരം അവസാനിച്ചു;കലാവധിയില്ലാതെ പുതിയ പ്രിന്‍സിപ്പാളിനെ നിയമിക്കും; സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണ

തിരുവനന്തപുരം: ലോ അക്കാദമിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന സമരം അവസാനിച്ചു. വിദ്യാര്‍ത്ഥി സംഘടനകള്‍,മാനെജ്‌മെന്റ് പ്രതിനിധികള്‍ എന്നിവരുമായി വിദ്യാഭ്യാസമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നും പൂര്‍ണമായി മാറ്റി. സര്‍വകലാശാല നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കുന്നതിന് തീരുമാനിച്ചു. കാലാവധി ഇല്ലാതെ പുതിയ പ്രിന്‍സിപ്പലിനെ നിയമിക്കും. മാനേജ്‌മെന്റ് തീരുമാനത്തില്‍നിന്ന് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ തീരുമാനമായി.പുതിയ പ്രിന്‍സിപ്പലിനെ യൂണിവേഴ്‌സിറ്റി ചട്ടങ്ങള്‍ക്ക് അനുസൃതമായി നിയമിക്കാമെന്ന കരാറാണ് ഇന്ന് മാനെജ്‌മെന്റ് വിദ്യാഭ്യാസമന്ത്രി മുന്‍പാകെ നല്‍കിയത്. ആദ്യം തന്നെ സമരം വിജയിച്ചെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയും ഇന്നത്തെ പുതിയ കരാറില്‍ ഒപ്പിട്ടിട്ടുണ്ട്.പുതിയ പ്രിന്‍സിപ്പലിന്റെ നിയമനത്തിനായി മാനെജ്‌മെന്റ് പത്രപരസ്യം നല്‍തിയതിന് പിന്നാലെ വിദ്യാഭ്യാസമന്ത്രി വിദ്യാര്‍ഥി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. സമരത്തിന്റെ 28ാം ദിവസമായ ഇന്നലെ വിദ്യാര്‍ഥിസംഘടനകള്‍ പ്രക്ഷോഭം സജീവമാക്കുകയും പെട്രൊള്‍ ഒഴിച്ചും മരത്തിന് മുകളില്‍ കയറിയും ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. ഇന്നാകട്ടെ പുതിയ പ്രിന്‍സിപ്പലിനായി പത്രങ്ങളില്‍ പരസ്യം പ്രത്യക്ഷപ്പെടുകയും ചെയ്തു. രാവിലെ മന്ത്രിസഭായോഗം ചേര്‍ന്നപ്പോള്‍ സിപിഐ ലോ അക്കാദമി വിഷയം അവതരിപ്പിക്കുകയും ചെയ്തു. മന്ത്രി വി.എസ് സുനില്‍കുമാര്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരെ വിദ്യാര്‍ഥികളുമായി ആദ്യഘട്ട ചര്‍ച്ചയ്ക്കും ശേഷം വിദ്യാഭ്യാസമന്ത്രിയുമായും ചര്‍ച്ചയ്ക്ക് നിയോഗിച്ചു.

© 2024 Live Kerala News. All Rights Reserved.