ലക്ഷ്മി നായര്‍ രാജിവെയ്ക്കണം; ഇല്ലെങ്കില്‍ താന്‍ രാജിവെയ്ക്കുമെന്നും ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള; പ്രഖ്യാപനം ബിജെപി സമരപന്തലില്‍ വച്ച്

തിരുവനന്തപുരം: ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി ചെയര്‍മാന്‍ അയ്യപ്പന്‍പിള്ളയും രംഗത്ത്. വിദ്യാഭ്യാസമന്ത്രി വിളിച്ച ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ തീരണമെന്നും ഇല്ലെങ്കില്‍ താന്‍ സ്ഥാനം ഒഴിയും എന്നും അയ്യപ്പന്‍ നായര്‍ പറഞ്ഞു. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ സമരം തുടര്‍ന്നാല്‍ രാജിവെയ്ക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. നിരാഹാര സമരം നടത്തുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ സമരപന്തലില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അയ്യപ്പന്‍ പിള്ള. ഇന്ന് വൈകുന്നേരമാണ് വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച വിളിച്ചിരിക്കുന്നത്. ലക്ഷ്മി നായരുടെ രാജി അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ജില്ലാ ഭരണകൂടം ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാതിരുന്നതിനെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി തന്നെ ഇടപെട്ട് ചര്‍ച്ച നടത്തണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നം ഉടന്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ നേതാക്കളായ കാനവും പന്ന്യന്‍ രവീന്ദ്രനും കോടിയേരിയെ കണ്ടിരുന്നു.അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നും ലക്ഷ്മി നായരെ മാറ്റിയതിന്റെ രേഖകള്‍ കഴിഞ്ഞ ദിവസം എ.ഡി.എമ്മിന് കൈമാറിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അയ്യപ്പന്‍പിള്ളയുടെ പ്രതികരണം വന്നിരിക്കുന്നത്. കെ.എസ്.യു, ഐ.ഐ.എസ്.എഫ്, എം.എസ്.എഫ്, എ.ബി.വി.പി എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് ഇപ്പോള്‍ ലോ അക്കാദമിക്ക് മുന്നില്‍ സമരത്തിലുള്ളത്.

© 2024 Live Kerala News. All Rights Reserved.