ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണം; റവന്യുമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി. ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. പരാതി ലഭിച്ചാല്‍ അതേക്കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി പത്തനംതിട്ടയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ഭൂമി വിവാദത്തേക്കാള്‍ പ്രഥമ പരിഗണന വിദ്യാഭ്യാസ പ്രശ്‌നം പരിഹരിക്കുന്നതിനാണെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വി.എസ് മന്ത്രിക്ക് കത്തു നല്‍കിയത്. ലോ അക്കാദമിക്ക് ഭൂമി നല്‍കിയതിനെ കുറിച്ച് അന്വേഷണം വേണമെന്നും ഭൂമിയുടെ വിനിയോഗത്തെ കുറിച്ചും അന്വേഷണം നടത്തണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെടുന്നു.സൊസൈറ്റി എന്ന നിലയിലല്ലാതെ, സ്വകാര്യ റിയല്‍ എസ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുമായി ചേര്‍ന്ന് പുന്നം റോഡിലുള്ള സ്ഥലത്ത് ഫ്ളാറ്റ് കെട്ടി വില്‍പ്പന നടത്തുന്നത് നിയമപരമാണോ എന്നീ കാര്യങ്ങള്‍ ഉള്‍പ്പെടെ അന്വേഷണവിധേയമാക്കണം. സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.വിദ്യാഭ്യാസ ആവശ്യത്തിനുള്ള ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അധാര്‍മികവും നിയമവിരുദ്ധമാണെന്നും വി.എസ് കത്തില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നല്‍കിയ ഭൂമിയുടെ വിനിയോഗത്തെ സംബന്ധിച്ച് കര്‍ശനമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് വിഎസ് കത്തില്‍ ആവശ്യപ്പെട്ടു.ലോ അക്കാദമിയിലെ പ്രശ്‌നം വിദ്യാര്‍ത്ഥി സമരം മാത്രമാണെന്നും ഭൂമി സംബന്ധിച്ച വിഷയം വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചിട്ടില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.